| Saturday, 8th March 2025, 9:58 pm

സല്‍മാന്‍ ഖാന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പിന്നില്‍, കരിയറിലെ മോശം ഫെയ്‌സിലും ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാമത് സൂര്യയുടെ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ സിനിമാലോകത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ സൂര്യക്ക് കേള്‍ക്കേണ്ടി വന്നു. പിന്നീട് തന്റെ അഭിനയത്തിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൂര്യക്ക് സാധിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യക്ക് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. സൂരറൈ പോട്ര്, ജയ് ഭീം എന്നിവ ഒ.ടി.ടി. റിലീസായി എത്തി മികച്ച അഭിപ്രായം സ്വന്തമാക്കിയെങ്കിലും തിയേറ്റര്‍ റിലീസുകള്‍ പലതും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കങ്കുവ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി.

എന്നാല്‍ ബോക്‌സ് ഓഫീസിലെ മോശം പ്രകടനം താരത്തിന്റെ സ്വീകാര്യതയെ ബാധിച്ചിട്ടില്ല. ഐ.എം.ഡി.ബി. വെബ്‌സൈറ്റില്‍ ഏറ്റവുമധികം ആളഉകള്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാം സ്ഥാനം സൂര്യയുടെ റെട്രോയ്ക്കാണ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന സിക്കന്ദര്‍, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, മോഹന്‍ലാലിന്റെ എമ്പുരാന്‍ എന്നിവയെ പിന്തള്ളിയാണ് റെട്രോ ഒന്നാമതെത്തിയിരിക്കുന്നത്. 18.6 ശതമാനം ആളുകളാണ് റെട്രോയ്ക്കായി കാത്തിരിക്കുന്നത്.

ബോളിവുഡ് ചിത്രം ബൈഡയാണ് രണ്ടാം സ്ഥാനത്ത്. സല്‍മാന്‍ ഖാന്റെ സിക്കന്ദര്‍ 16.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിക്ക് 8.6 ശതമാനം വോട്ടുകള്‍ ലഭിച്ചു. മോഹന്‍ലാലിന്റെ എമ്പുരാന്‍ മാത്രമാണ് ലിസ്റ്റിലെ ഒരേയൊരു മലയാളചിത്രം. 5.8 ശതമാനം വോട്ടാണ് എമ്പുരാന് ലഭിച്ചത്.

സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റെട്രോ. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന് മേല്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ചിത്രത്തിലെ സൂര്യയുടെ ലുക്ക് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആന്‍ഡമാനിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചത്. സൂര്യയുടെ 44ാമത് ചിത്രമായാണ് റെട്രോ ഒരുങ്ങുന്നത്.

സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റെട്രോ. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മലയാളി താരങ്ങളായ ജയറാം, ജോജു ജോര്‍ജ്, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Suriya’s Retro movie got first place in most anticipated movies in IMDB

We use cookies to give you the best possible experience. Learn more