| Sunday, 27th April 2025, 7:43 am

ദുല്‍ഖര്‍ സല്‍മാന് കിടിലന്‍ തിരിച്ചുവരവ് സമ്മാനിച്ച സംവിധായകനൊപ്പം കൈകോര്‍ത്ത് സൂര്യ, ഫാന്‍ബോയ് സംഭവം ലോഡിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ, ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യയുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നല്‍കിയിരുന്നില്ല. മികച്ച പ്രതികരണം ലഭിച്ച സൂരറൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങള്‍ നേരിട്ട് ഒ.ടി.ടിയില്‍ റിലീസാവുകയായിരുന്നു. കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ കങ്കുവ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി.

കങ്കുവയുടെ പരാജയത്തിന് ശേഷം വര്‍ഷത്തില്‍ രണ്ട് സിനിമകള്‍ എന്ന രീതിയില്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് സൂര്യ പറഞ്ഞിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസം നടന്നിരുന്നു. തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ വെങ്കി അട്‌ലൂരിയോടൊപ്പമാണ് സൂര്യ ഇത്തവണ കൈകോര്‍ക്കുന്നത്.

തമിഴില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ട് അടുത്ത മാസം ഹൈദരബാദില്‍ ആരംഭിക്കുമെന്ന് സൂര്യ അറിയിച്ചു. ലക്കി ഭാസ്‌കറിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. സൂര്യയുടെ 46ാമത് ചിത്രമാണ് ഇത്. സൂര്യ 46 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നാണ് കരുതുന്നത്. സൂര്യയുടെ പുതിയ ചിത്രമായ റെട്രോയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സൂര്യ 46ന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്.

കിങ് ഓഫ് കൊത്തയുടെ വന്‍ പരാജയത്തിന് ശേഷം ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് സമ്മാനിച്ച സംവിധായകനാണ് വെങ്കി അട്‌ലൂരി. സൂര്യയുടെ കടുത്ത ആരാധകനാണ് താനെന്ന് വെങ്കി അട്‌ലൂരി അനൗണ്‍സ്‌മെന്റ് വേളയില്‍ പറഞ്ഞിരുന്നു. മികച്ചൊരു ഫാന്‍ബോയ് ചിത്രമാകും സൂര്യ 46 എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയാണ് സൂര്യയുടെ അടുത്ത തിയേറ്റര്‍ റിലീസ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ന്റെ ഷൂട്ട് അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. തൃഷ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ സ്വാസിക, ഇന്ദ്രന്‍സ്, ശിവദ എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Suriya officially announced his next movie with Venky Atluri

We use cookies to give you the best possible experience. Learn more