ശത്രുക്കള്‍ക്ക് പോലും സജസ്റ്റ് ചെയ്യരുത്, തിയേറ്ററില്‍ പോയി കണ്ടവരെ നമിക്കുന്നു... രണ്ട് വര്‍ഷത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ സുരേശനും സുമലതക്കും ട്രോള്‍
Malayalam Cinema
ശത്രുക്കള്‍ക്ക് പോലും സജസ്റ്റ് ചെയ്യരുത്, തിയേറ്ററില്‍ പോയി കണ്ടവരെ നമിക്കുന്നു... രണ്ട് വര്‍ഷത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ സുരേശനും സുമലതക്കും ട്രോള്‍
അമര്‍നാഥ് എം.
Thursday, 28th May 2026, 3:59 pm

തിയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസയും സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും.

രാജേഷ് മാധവനും ചിത്ര നായരും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വലിയ ചര്‍ച്ചയായി. പിന്നാലെ ഈ രണ്ട് കഥാപാത്രങ്ങളെയും വെച്ച് രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. നിര്‍മാതാവിന് മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ ചിത്രം പരാജയമായി മാറി. രണ്ട് വര്‍ഷത്തിന് ശേഷം ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ Photo: Saina Play

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈയടുത്ത കാലത്തൊന്നും ഇത്രയും മോശം സിനിമ കണ്ടിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന, അസഹനീയ സിനിമാനുഭവമാണ് ഈ പ്രണയകഥയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

മൂന്ന് കാലഘട്ടത്തിലെ പ്രണയം കാണിച്ച ചിത്രം കണ്ടുതീര്‍ക്കാന്‍ പാടുപെട്ടെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നു. ഇന്റലക്ച്വലാണെന്ന് കാണിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടിയ ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും കമന്റുകളുണ്ട്. സംവിധായകനെയാണ് ഇക്കാര്യത്തില്‍ പലരും വിമര്‍ശിക്കുന്നത്. മൂന്ന് കോടിക്ക് പറഞ്ഞ സിനിമ 18 കോടിക്കാണ് പൂര്‍ത്തിയാക്കിയതെന്ന് പലരും ആരോപണം ഉയര്‍ത്തുന്നു.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ Photo: CK Raghavan/ Facebook

നിര്‍മാതാവിന്റെ പൈസ ഇങ്ങനെ ചെലവാക്കിയ സംവിധായകനെ കോമണ്‍ സ്വോര്‍ഡ് എന്ന് പരിഹസിക്കുന്നവരുമുണ്ട്. സിനിമ റിലീസായ സമയത്ത് ജിസ് ജോയ് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് നിര്‍മാതാവും രതീഷ് ബാലകൃഷ്ണനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നത്.

സിനിമ ഫ്‌ളോപ്പായെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ ‘എന്റെ മനസിലുള്ളത് ഷൂട്ട് ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്’ എന്നായിരുന്നു സംവിധായകന്റെ മറുപടി എന്നാണ് ജിസ് ജോയ് പറഞ്ഞത്. രതീഷ് ബാലകൃഷ്ണന്റെയോ നിര്‍മാതാവിന്റെയോ സിനിമയുടെയോ പേരെടുത്ത് പറയാതെയായിരുന്നു ജിസിന്റെ പരാമര്‍ശം.

ആദ്യത്തെ രണ്ട് സിനിമകള്‍ കൊണ്ട് നേടിയ പോപ്പുലാരിറ്റി പിന്നീട് ചെയ്ത സിനിമകള്‍ കൊണ്ട് സംവിധായകന്‍ ഇല്ലാതാക്കിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ആരെയെങ്കിലും ഇഞ്ചിഞ്ചായി കൊല്ലാനുള്ള ദേഷ്യമുണ്ടെങ്കില്‍ അവരുടെ കൈയും കാലും കെട്ടിയിട്ട് ഈ സിനിമ കാണിച്ചുകൊടുക്കണമെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

Content Highlight: Sureshanteyum Sumalathayudeyum movie getting criticism after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം