കരിയറിലെ മികച്ച കാലം പിന്നിട്ട, സ്റ്റാർ വാല്യൂവൊന്നുമില്ലാത്ത താരങ്ങൾ, ബ്ലാസ്റ്റിന് ആരും വലിയ പ്രതീക്ഷ നൽകിയിരുന്നില്ല: സുരേഷ് ഷേണായി
Malayalam Cinema
കരിയറിലെ മികച്ച കാലം പിന്നിട്ട, സ്റ്റാർ വാല്യൂവൊന്നുമില്ലാത്ത താരങ്ങൾ, ബ്ലാസ്റ്റിന് ആരും വലിയ പ്രതീക്ഷ നൽകിയിരുന്നില്ല: സുരേഷ് ഷേണായി
നന്ദന. ടി
Saturday, 18th July 2026, 1:39 pm

പ്രമുഖ നടനും സംവിധായകനുമായ ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു ഈ വർഷം തിയേറ്ററുകളിലെത്തിയ കറുപ്പ്. വേട്ടൈ കറുപ്പ് എന്ന കാവൽ ദൈവമായി സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മലയാള താരം ഇന്ദ്രൻസിന്റെ പ്രകടനത്തിനടക്കം മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ബ്ലാസ്റ്റ് അപ്രതീക്ഷിത വിജയമായി മാറി. അർജുൻ, അഭിരാമി, പ്രീതി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റെക്കോർഡ് വിജയം ആണ് സ്വന്തമാക്കിയത്.

സുരേഷ് ഷേണായി.screen grab/youtube

ഈ രണ്ട് ചിത്രങ്ങളുടെയും വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷേണായിസ് തിയേറ്റർ ഉടമ സുരേഷ് ഷേണായി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂര്യയുടെ തുടർച്ചയായ മൂന്ന് സിനിമകളുടെ പരാജയത്തിന് ശേഷമാണ്‌ കറുപ്പ് എത്തുന്നത്. കേരളത്തിലും തുടക്കത്തിൽ ചിത്രത്തിന് പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സിനിമയ്ക്ക് അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങി. കേരളത്തിൽ നിന്നടക്കം മികച്ച പ്രേക്ഷക പിന്തുണയാണ് പിന്നീട് ചിത്രത്തിന് ലഭിച്ചത്.

പക്ഷേ, ഈ വർഷത്തെ യഥാർഥ സർപ്രൈസ് ഹിറ്റ് ബ്ലാസ്റ്റ് ആയിരുന്നു. കേരളത്തിൽ പോലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കാരണം ബ്ലാസ്റ്റിൽ വലിയ താരനിരയൊന്നുമില്ല. അതിൽ അഭിനയിച്ച പലരും അവരുടെ കരിയറിലെ മികച്ച സമയം പിന്നിട്ടവരുമാണ്. ഇതൊരു ആക്ഷൻ ഴോണർ ചിത്രമായതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് ആർക്കും യാതൊരു പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബ്ലാസ്റ്റിന്റേത് തികച്ചും ഒരു കണ്ടന്റ്-ബേസ്ഡ് വിജയമാണെന്ന് പറയാം. അതിന്റെ മേക്കിങ്ങും എടുത്ത് പറയേണ്ടതാണ്.

സിനിമ റിലീസ് ചെയ്യുമ്പോൾ അണിയറപ്രവർത്തകർക്ക് പോലും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. കേവലം നൂറോളം സ്‌ക്രീനുകൾക്ക് താഴെ മാത്രമായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. വിതരണക്കാരോട് ചോദിച്ചപ്പോൾ ചെറിയ തിയേറ്ററുകൾ ഉണ്ടെങ്കിൽ മതി എന്ന നിലപാടിലായിരുന്നു അവർ. എന്നാൽ സിനിമ ഇറങ്ങി ഒരു രണ്ടാഴ്ച പിന്നിടുമ്പോഴേക്കും സ്ക്രീനുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. അതുകൊണ്ട് തന്നെ ബ്ലാസ്റ്റ് തികച്ചും ഒരു സർപ്രൈസ് ഹിറ്റ് തന്നെയാണ്,’ ഷേണായി പറഞ്ഞു.

കറുപ്പ്.ബ്ലാസ്റ്റ്.photo.X/screen grab/youtube

Content Highlight: Suresh Shenoy talks about the theatre hits Karuppu and Blast

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം