ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ റെക്കോഡ്; രോഹിത് ശര്‍മയെക്കുറിച്ച് സുരേഷ് റെയ്‌ന
Sports News
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ റെക്കോഡ്; രോഹിത് ശര്‍മയെക്കുറിച്ച് സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th February 2025, 9:41 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ക്യാപ്റ്റന്‍ എന്ന നിലയിലും താരമെന്ന നിലയിലും അവസാന ഐ.സി.സി ഇവന്റാണ് രോഹിത് കളിക്കാനിരിക്കുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യയ്ക്ക് വേണ്ടി മികച്ച വിജയങ്ങള്‍ നേടിതന്ന ക്യാപ്റ്റനും ആക്രമണ ബാറ്റിങ്ങിലൂടെ സ്‌കോര്‍ നേടിത്തരുന്ന ബാറ്ററുമാണ് രോഹിത്.

ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയാല്‍ മൂന്ന് ഐ.സി.സി ട്രോഫികള്‍ വിജയിച്ച താരമെന്ന നേട്ടം സ്വന്തമാക്കാന്‍ രോഹിത്തിന് സാധിക്കും. മാത്രമല്ല അതിന് വേണ്ടി രോഹിത് കൂടുതല്‍ അക്രമാസക്തമായി ബാറ്റ് ചെയ്യുകയും അത് ക്യാപ്റ്റന്‍സിയില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നും റെയ്‌ന പറഞ്ഞു.

‘ക്യാപ്റ്റനെന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാന ഐ.സി.സി ട്രോഫിയായിരിക്കാം. താരമെന്ന നിലയിലും ഇനി ഒരു അവസരം ഇല്ല. വിജയിച്ചാല്‍ നാല് ഐ.സി.സി ട്രോഫികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനാകും. അദ്ദേഹം ഇതിനകം ടി-20 ലോകകപ്പ് നേടിയിട്ടുണ്ട്, ചാമ്പ്യന്‍സ് ട്രോഫി ഉറപ്പാക്കുന്നത് ശ്രദ്ധേയമായ നേട്ടമായിരിക്കും.

റണ്‍സ് നേടുന്നത് അദ്ദേഹത്തിന് നിര്‍ണായകമാകും. രോഹിത് ശര്‍മ ഒരു അഗ്രസീവ് ക്യാപ്റ്റനാണ്. അദ്ദേഹം തന്റെ ബൗളര്‍മാരെ ഉപയോഗപ്പെടുത്തുന്ന രീതി പ്രശംസനീയമാണ്. നിര്‍ണായക നിമിഷങ്ങളില്‍ മുഹമ്മദ് ഷമിയെ ടീമിലെത്തിക്കുകയും സ്പിന്നര്‍മാരെ വിക്കറ്റ് വേട്ടക്ക് ആശ്രയിക്കുന്ന ശൈലിയുമാണ് അദ്ദേഹത്തിനുള്ളത്. രോഹിത് റണ്‍സ് നേടുമ്പോള്‍ അത് ക്യാപ്റ്റന്‍സിയിലും പ്രതിഫലിക്കുന്നു.’

ഇന്ത്യന്‍ താരമെന്ന നിലയില്‍ മൂന്ന് ഐ.സി.സി ട്രോഫികളാണ് രോഹിത് സ്വന്തമാക്കിയത്. 2007ലെ ടി-20 ലോകകപ്പിലും 2013 ചാമ്പ്യന്‍സ് ട്രോഫിയിലും 2024 ടി-20 ലോകകപ്പിലുമാണ് അവ. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനുമാണ് രോഹിത്. മാത്രമല്ല 2024ല്‍ കിരീടം നേടിയതോടെ ഫോര്‍മാറ്റില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Suresh Raina Taking About Rohit Sharma