കോഹ്‌ലിയും രോഹിതും ഏകദിന ലോകകപ്പ് കളിക്കണം: മുന്‍ ഇന്ത്യന്‍ താരം
Sports News
കോഹ്‌ലിയും രോഹിതും ഏകദിന ലോകകപ്പ് കളിക്കണം: മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th August 2025, 1:13 pm

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇരുവര്‍ക്കും ധാരാളം പരിചയ സമ്പത്തുണ്ടെന്നും രോഹിത്തിന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു അവസരം കൂടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

‘റോ – കോ ഏകദിന ലോകകപ്പ് കളിക്കണം. അവര്‍ ചാമ്പ്യന്‍സ് നേടിയവരാണ്. ഒപ്പം അവര്‍ക്ക് ധാരാളം പരിചയ സമ്പത്തുമുണ്ട്. രോഹിത് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്ന് നമുക്കറിയാം. അവന്‍ അതിനായി പരിശീലിനം നടത്തുന്നുണ്ട്. ഏത് ടീമിനെ തെരഞ്ഞെടുക്കണമെന്നത് സെലക്ടര്‍മാരുടെ തീരുമാനമാണ്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിനും പിന്നെ വിരാട് കോഹ്‌ലിക്കും അവസരം നല്‍കണം. ഞങ്ങള്‍ 2011 ലോകകപ്പ് നേടിയപ്പോള്‍ വിരാടും നേടിയിരുന്നു. രോഹിതും ഒരു കിരീടം നേടണം. അവര്‍ക്കിരുവര്‍ക്കും ഒരു അവസരം കൂടെ നല്‍കുമെന്ന് ഞാന്‍ കരുതുന്നു,’ റെയ്‌ന പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടി – 20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇരുവരും ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളത്. എന്നാല്‍ ഇവരെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ ഇതുവരെ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല.

ഈ ഒക്ടോബറിലാണ് ഇന്ത്യയ്ക്ക് ഒരു ഏകദിന മത്സരമുള്ളത്. ഓസ്ട്രേലിയയാണ് എതിരാളികള്‍. അതേസമയം, ഈ പരമ്പരയ്ക്ക് ശേഷം ഇരുവരും 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇരുവരും അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് കൂടി ഒന്നിച്ച് നേടുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

Content Highlight: Suresh Raina says that Virat Kohli and Rohit Sharma should play 2027 ODI World Cup