ഐ.പി.എല്‍ സെന്‍സേഷണലായ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയെ പോലെ ഒരു താരം നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. താരത്തിന് ഒരു എക്‌സ് ഫാക്ടര്‍ ഉണ്ടെന്നും അത്തരം താരങ്ങള്‍ വിരളമാണെന്നും അദ്ദേഹം പറഞ്ഞു. ശുഭാങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.
‘വൈഭവ് സൂര്യവംശിയുടെ നിര്‍ഭയമായ സമീപനം വളരെ വ്യത്യസ്തമാണ്. ആയുഷ് മാഹ്‌ത്രെയും മികച്ച താരമാണ്. പക്ഷേ, വൈഭവിന് ഒരു എക്‌സ് ഫാക്ടറുണ്ട്. അത്തരം താരങ്ങള്‍ വളരെ വിരളമാണ്. അവന്‍ ഐ.പി.എല്ലിലും ഇംഗ്ലണ്ടിലും സെഞ്ച്വറി നേടി.
ആര്‍ക്കും ബിഹാറിലെ സമസ്തിപൂര്‍ അറിയില്ലായിരുന്നു, പക്ഷേ, അവിടെ നിന്നുള്ള ഒരു കുട്ടി താരം അവന്റെ കഴിവ് തെളിയിച്ചു. റിഷബ് പന്ത്, റിങ്കു സിങ്, വൈഭവ് സൂര്യവംശി എന്നിവരെ പോലുള്ള താരങ്ങള്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ,’ റെയ്‌ന പറഞ്ഞു.
ഐ.പി.എല്‍ 2025 ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി മികച്ച പ്രകടനമാണ് സൂര്യവംശി പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് താരം ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 252 റണ്‍സാണ് നേടിയത്. 206. 55 സ്‌ട്രൈക്ക് റേറ്റിലാണ് 13കാരന്‍ ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്തിരുന്നത്.
ഐ.പി.എല്ലിലെ മറ്റൊരു യുവതാരം ആയുഷ് മാഹ്‌ത്രെയേ കുറിച്ചും റെയ്‌ന സംസാരിച്ചു. 17 വയസുള്ള മാഹ്‌ത്രെയും ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച മാഹ്‌ത്രെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 240 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
Content Highlight: Suresh Raina says that Vaibhav Suryavanshi is a such a player that come once in a century