വിരാടിന് ഭാരതരത്‌ന നല്‍കണം; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം
Sports News
വിരാടിന് ഭാരതരത്‌ന നല്‍കണം; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th May 2025, 3:22 pm

റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെയ് 12ന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റഗ്രാമിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം പടിയിറങ്ങിയത്.

നേരത്തെ നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരാടും തന്റെ ഇഷ്ട ഫോര്‍മാറ്റിനോട് വിട പറഞ്ഞത്.

ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിരാടിന്റെ സംഭാവനകള്‍ക്ക് താരത്തിന് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

‘ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നേടിയ നേട്ടങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് ഞാന്‍ കരുതുന്നു,’ റെയ്‌ന പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാനാണ് കോഹ്ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.

Content Highlight: Suresh Raina says that Indian Government should honour Virat Kohli with Bharat Ratna