യോഗി സ്‌പോര്‍ട്‌സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രി: സുരേഷ് റെയ്‌ന
Cricket
യോഗി സ്‌പോര്‍ട്‌സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രി: സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th April 2022, 11:55 am

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന. യോഗിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്‌ന ട്വീറ്റ് ചെയ്തു. സ്‌പോര്‍ട്‌നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്ന് റെയ്‌ന ട്വീറ്റില്‍ പറഞ്ഞു.

‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്പോര്‍ട്സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു.

അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ അഭൂതപൂര്‍വമായ മാര്‍ഗനിര്‍ദേശം സംസ്ഥാനത്തിന് തുടര്‍ന്നും ലഭിക്കട്ടെ,’ സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിന്റെ ഓഫീസും റെയ്‌നക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്രിക്കറ്ററെന്നതിന് പുറമെ റെയ്‌ന നടത്തിയ രാഷ്ട്രീയ പ്രസ്താവനയും ഇതിന് മുമ്പും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയുള്ള റെയ്‌നയുടെ പ്രസ്താവനയായിരുന്നു വിവാദമായിരുന്നത്.

‘താനൊരു ബ്രാഹ്‌മണനായതുകൊണ്ട് തമിഴ്‌നാട്ടിലെ സംസ്‌കാരം ഇഷ്ടപ്പെടുന്നു,’ എന്ന റെയ്‌നയുടെ കമന്റാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടത്.

അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ കളിക്കുന്നില്ലെങ്കിലും കമന്ററി പാനലിലാണ് റെയ്‌ന ഇത്തവണയുള്ളത്.

മെഗാ താരലേലത്തില്‍ ഒരു ടീമിന്റെയും ഭാഗമാവാന്‍ സാധിക്കാതെ വന്നതോടെയാണ് റെയ്ന കമന്ററി പാനലിലേക്കെത്തുന്നത്. ഇതാദ്യമായാണ് റെയ്‌ന ഐ.പി.എല്ലില്‍ കമന്ററി പറയാനെത്തുന്നത്.