2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരാടും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടി-20 ടൂര്‍ണമെന്റാണിത്.
ഇപ്പോള്‍ ഏഷ്യാകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തുക അഭിഷേക് ശര്‍മയാണെന്ന് പറയുകയാണ് മുന്‍ താരം.
ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു സംഭാഷണത്തിലാണ് സുരേഷ് റെയ്ന ഈ കാര്യം പറഞ്ഞത്. മാത്രമല്ല അഭിഷേക് ശര്‍മയെ പരിശീലിപ്പിച്ചതില്‍ പ്രധാന പങ്കു വഹിച്ച മുന്‍ താരം യുവരാജ് സിംഗിനെയും റെയ്ന എടുത്തു പറഞ്ഞു.
‘അഭിഷേക് ശര്‍മയാണ് എന്റെ തെരഞ്ഞെടുപ്പ്. അവന്‍ മികച്ച പ്രകടനം നടത്തും. ഭയമില്ലാതെയാണ് അവന്‍ കളിക്കുന്നത്, ക്രിക്കറ്റില്‍ അവന്റെ ഈ സമീപനത്തെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. യുവരാജ് അവനെ വളരെ മികച്ച രീതിയിലാണ് പരിശീലിപ്പിച്ചത്,’ റെയ്ന പറഞ്ഞു.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി 16 ഇന്നിങ്സില്‍ നിന്ന് 535 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 193.89 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ 74 ഇന്നിങ്സില്‍ നിന്ന് 1816 റണ്‍സൈണ് അഭിഷേക് സ്വന്തമാക്കിയത്.
മാത്രമല്ല ചര്‍ച്ചയില്‍ ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി തിളങ്ങാന്‍ സാധ്യതയുള്ള മറ്റ് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാരെ കുറിച്ചും സുരേഷ് റെയ്ന പറഞ്ഞു.
‘പ്രിയാഷ് ആര്യ ശരിക്കും ആധിപത്യം പുലര്‍ത്തുന്ന ഒരു കളിക്കാരനാകാനുള്ള കഴിവുള്ളവനാണ്. എന്നിരുന്നാലും യശസ്വി ജെയ്സ്വാള്‍ സവിശേഷമായ താരമാണ്. അവന്‍ തന്റെ പോരാട്ട വീര്യം കൊണ്ട് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ച്വറി നേടി,’ സുരേഷ് റെയ്ന കൂട്ടിച്ചേര്‍ത്തു.
അതേസമയം 2025 ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് പ്രിയാന്‍ഷ് ആര്യ പഞ്ചാബിന് വേണ്ടി 17 മത്സരങ്ങളില്‍ നിന്ന് 475 റണ്‍സാണ് നേടിയത്. അരങ്ങേറ്റ സീസണില്‍ തന്നെ 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം നേടിയത്. 179.2 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സീസണില്‍ 25 സിക്സ് 55 ഫോറും ആണ് താരം നേടിയത്.
ജെയ്സ്വാള്‍ ഇന്ത്യക്ക് വേണ്ടി 23 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 723 റണ്‍സും താരം ഫോര്‍മാറ്റില്‍ നിന്നും നേടി.