| Tuesday, 15th April 2025, 11:17 am

ആ നടന്റെ അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനിൽനിന്ന് ഞാൻ കേട്ടിട്ടില്ല: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. താൻ പത്താം ക്ലാസുവരെ മദ്രാസിലാണ് പഠിച്ചതെന്നും അവിടെ മലയാളം സിനിമകൾ വളരെ വിരളമായാണ് തിയേറ്ററിൽ വരാറുള്ളതെന്നും സുരേഷ് കൃഷ്ണ പറയുന്നു.

ആ വർഷം ഏപ്രിലിൽ വടക്കൻ വീരഗാഥ ഇറങ്ങിയെന്നും അതോടെ മമ്മൂട്ടി തങ്ങളുടെ ചർച്ചയിലെ പ്രധാന വിഷയമായെന്നും സുരേഷ് പറഞ്ഞു. മമ്മൂട്ടി ഇടുന്ന ഡ്രസ്സുകളെ പറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങളെ പറ്റിയുമെല്ലാം ചർച്ച ചെയ്യാറുണ്ടെന്നും അതേ വർഷം സ്കൂളിൽ മമ്മൂട്ടി അതിഥിയായെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടി വന്ന് സംസാരിക്കാൻ തുടങ്ങിയാൽ കയ്യടിക്കണമെന്ന് തീരുമാനിച്ചെന്നും കാരണം മമ്മൂട്ടിയുടെ ശബ്‌ദമാണ് അന്ന് തങ്ങളെ ആകർഷിച്ചതെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. മമ്മൂട്ടിയുടെ അത്ര ശബ്‌ദ ഗാംഭീര്യമുള്ള മറ്റൊരു നടനും അന്നുണ്ടായിരുന്നില്ലെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.

‘മദ്രാസ് കേരള സമാജം സ്‌കൂളിലാണ് പത്താം ക്ലാസുവരെ ഞാൻ പഠിച്ചത്. അന്ന് മദ്രാസിൽ മലയാളം സിനിമകൾ വിരളമായി മാത്രമേ റിലീസ് ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ മമ്മൂട്ടിച്ചിത്രങ്ങളോ മലയാളം സിനിമകളോ തിയേറ്ററിൽനിന്ന് അധികം കാണാൻ കഴിയാറില്ല.
വടക്കൻ വീരഗാഥ ആ വർഷം ഏപ്രിലിൽ ഇറങ്ങി തരംഗമായി.

അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകർഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു

അതോടെ ഞങ്ങൾ കുട്ടികൾക്കിടയിലെ പ്രധാന ചർച്ച മമ്മൂക്ക ഇടുന്ന ഡ്രസ്സുകളെപ്പറ്റിയും അദ്ദേഹം സഞ്ചരിക്കുന്ന കാറിനെപ്പറ്റിയുമൊക്കെയായി. ആയിടെയാണ് സ്‌കൂളിൽ ഓണാഘോഷം വന്നത്. നഗരത്തിലെ പ്രധാന സ്‌കൂളായതിനാൽ എല്ലാ വർഷം സിനിമ-സാംസ്കാരിക -രാഷ്ട്രീയരംഗത്തെ പ്രമുഖർ അതിഥികളായെത്തും. ആ വർഷത്തെ അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കയെയും ഭാരതിരാജയെയുമായിരുന്നു.

മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ബാക്ക് ബെഞ്ചുകാർ ചില പ്ലാനുകൾ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്തെത്തി സംസാരിക്കാൻ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകർഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനിൽനിന്ന് ഞാൻ കേട്ടിട്ടില്ല,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna talks about Mammootty

We use cookies to give you the best possible experience. Learn more