| Sunday, 13th July 2025, 6:00 pm

മരിക്കുന്നെങ്കില്‍ ആ സിനിമയുടെ സെറ്റില്‍ വെച്ചാകട്ടെയെന്ന് ഞാന്‍ കരുതി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള വര്‍മ പഴശ്ശിരാജ എന്ന സിനിമയില്‍ കുതിരയെ ഓടിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. ഒരു ബുദ്ധിയും ഇല്ലാത്ത ജീവിയാണ് കുതിരയെന്ന് സുരേഷ് കൃഷ്ണ പറയുന്നു. പഴശ്ശിരാജയില്‍ അഭിനയിക്കുമ്പോള്‍ കുതിരയെ ഓടിക്കുന്നതിനിടയില്‍ മരിച്ചാലും കുഴപ്പമില്ല എന്ന മനോഭാവത്തിലാണ് അഭിനയിച്ചതെന്ന് സുരേഷ് കൃഷ്ണ പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ബുദ്ധിയുമില്ലാത്ത ജീവിയാണ് കുതിര. അത് അതിന്റെ ഇഷ്ടത്തിന് പോകും. ഒരു ബെല്ലും ബ്രേയ്ക്കും ഇല്ലാത്ത ജീവിയാണ്. നമ്മള്‍ കയറി ഇരിക്കുമ്പോള്‍ തന്നെ അതിനറിയാം നമുക്ക് ഈ പണിയറിയില്ലെന്ന്. പിന്നെ അത് നമ്മളെ ഇട്ട് വട്ടം കറക്കും.

പഴശ്ശിരാജയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കുതിരയെ ഓടിക്കണം. കുതിരപ്പുറത്ത് വന്നിറങ്ങി ദേഷ്യത്തില്‍ വന്ന് എന്തോ പറഞ്ഞ് അതേ ദേഷ്യത്തില്‍ പോകുന്നതാണ് എന്റെ ആദ്യത്തെ ഷോട്ട്. മരിക്കുന്നെങ്കില്‍ ഈ പടത്തില്‍ മരിക്കട്ടെ എന്ന് ഞാന്‍ കരുതി. ഒന്നുമില്ലെങ്കിലും പറയാമല്ലോ ഹരിഹരന്‍, എം.ടി, മമ്മൂട്ടി എല്ലാമുള്ള സിനിമയില്‍ വെച്ച് സുരേഷ് കൃഷ്ണ മരിച്ചു എന്ന്.
ശരത്ത് കുമാറിന് ഹോഴ്‌സ് റൈഡിങ് അറിയാം. തമിഴന്മാര്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് തന്നെ ഫൈറ്റും ഹോഴ്‌സ് റൈഡിങ്ങും ഡാന്‍സുമെല്ലാം അറിഞ്ഞ് വെക്കും. നമ്മുടെ നാട്ടില്‍ ആ പരിപാടിയൊന്നും ഇല്ല. ആ സീനില്‍ ശരത്ത് കുമാര്‍ ഒരു കിലോ മീറ്റര്‍ അപ്പുറത്ത് നിന്ന് ഒരു 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിരയെ ഓടിച്ചുകൊണ്ടുവരണം.

ഞാന്‍ അപ്പുറത്ത് നിന്ന് അതിനേക്കാളും സ്പീഡില്‍ എത്തണം. നിങ്ങള്‍ ഇനി ആ സിനിമ കണ്ടാല്‍ മനസിലാകും ഞാന്‍ ഒരു അറ്റത്ത് ഇരുന്നാണ് കുതിരയെ ഓടിക്കുന്നത്. ഒരു സെന്റീ മീറ്റര്‍ കൂടി മാറിയാല്‍ ഞാന്‍ നിലത്തായിരിക്കും,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna Talks About Horse Riding

We use cookies to give you the best possible experience. Learn more