| Sunday, 13th April 2025, 8:35 am

അച്ഛന്‍ എല്ലാ സിനിമയിലും വില്ലനും ചതിയനുമാണല്ലോയെന്ന് മക്കള്‍ ചോദിക്കാന്‍ തുടങ്ങി: സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993ല്‍ ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.

ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു. നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്.

ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗ് ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്‍സ്റ്റഗ്രാം അധികം ഉപയോഗിക്കുന്ന ആളായിരുന്നില്ല ഞാന്‍. സമീപകാലത്ത് പഠിച്ചെടുത്തതാണ്. മുമ്പ് ആരെങ്കിലുമൊക്കെ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറയുമ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ കേറുന്നതേ തന്നെ.

മരണമാസിന്റെ ലൊക്കേഷനിലിരിക്കുമ്പോള്‍ ‘ഇന്‍സ്റ്റയില്‍ ചേട്ടന്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ’യെന്ന് പലരും പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. എന്തെങ്കിലും കുഴപ്പം കൊണ്ടാണോയെന്ന് പേടിച്ചു. പിന്നെയല്ലേ കാര്യം മനസിലാകുന്നത്. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമകളിലെ വേഷങ്ങള്‍ വെച്ചായിരുന്നു വീഡിയോ.

എന്റെ കഥാപാത്രം ആളുകളെ വഞ്ചിക്കുന്നതിന്റെ വീഡിയോയായിരുന്നു. പക്ഷേ, പിന്നീട് വീഡിയോയുടെ വലുപ്പം കൂടി. പത്തും ഇരുപത്തഞ്ചും പടങ്ങള്‍ വരെയായി. ഇത്രയും സിനിമകളില്‍ ഞാന്‍ വില്ലനായിട്ടുണ്ടെന്നും ആ കഥാപാത്രങ്ങളൊക്കെ ആളുകളെ വഞ്ചിച്ചിട്ടുണ്ടെന്നും അപ്പോഴാണ് മനസിലായത്.

അക്കാലത്ത് ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലേക്ക് കേറുകയായിരുന്നു. കഥാപാത്രങ്ങളെ അങ്ങനെ താരതമ്യം ചെയ്യാറില്ല. കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന് ആദ്യം വിശേഷിപ്പിച്ചത് ആരാണെന്നറിയില്ല. ഒരാള്‍മാത്രമല്ലല്ലോ, പലഭാഗത്ത് നിന്നുള്ളവര്‍ സിനിമകള്‍ കണ്ടുപിടിച്ച് ക്ലിപ് ആക്കി പോസ്റ്റ് ചെയ്യുകയല്ലേ.

തമിഴില്‍ പൊട്ടുഅമ്മന്‍ എന്ന സിനിമ ചെയ്തിരുന്നു. അതില്‍ ഗുരുവിന്റെ കൈയില്‍നിന്ന് മന്ത്രം പഠിച്ചെടുത്ത ശേഷം ഗുരുവിനെ വഞ്ചിച്ച് കൊല്ലുന്ന കഥാപാത്രമായിരുന്നു എന്റേത്. ആ സിനിമ വരെ കണ്ടുപിടിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടവരുണ്ട്.

സമാനമായ ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്റ്റയിലൂടെയാണ് ഞാന്‍ മനസിലാക്കിയത്. മക്കള്‍ ഇപ്പോള്‍ ഇന്‍സ്റ്റ വീഡിയോസ് കണ്ട് എല്ലാ സിനിമകളിലും അച്ഛന്‍ വില്ലനും ചതിയനുമാണല്ലോ എന്ന് ചോദിക്കാന്‍ തുടങ്ങി.

അവര്‍ കണ്ട സിനിമകളില്‍ ഞാന്‍ തമാശക്കഥാപാത്രമാണല്ലോ. അതിന് മുമ്പുള്ള എന്റെ സിനിമകള്‍ അവര്‍ കണ്ടിരുന്നില്ല. ഈ ട്രോളുകളെല്ലാം ഞാന്‍ എന്‍ജോയ് ചെയ്യുന്നു. ഇതിന് പിന്നില്‍ ആരായാലും അവരോടെല്ലാം സ്‌നേഹം മാത്രമേയുള്ളൂ,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna Talks About His Convincing Star Tag

We use cookies to give you the best possible experience. Learn more