| Tuesday, 17th June 2025, 10:51 pm

മമ്മൂട്ടിയോടൊപ്പം ചെയ്ത ആ സിനിമ കണ്ട് മണിരത്‌നത്തിന്റെ പടത്തിലേക്ക് അവസരം ലഭിച്ചിരുന്നു, പക്ഷേ... സുരേഷ് കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.

ഇപ്പോഴിതാ മണിരത്‌നത്തിന്റെ സിനിമയില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ചെന്നൈയില്‍ മണിരത്‌നത്തിന്റെ ഓഫീസിലേക്ക് തന്നെ വിളിച്ചിരുന്നെന്നും ഒരു കഥാപാത്രമുണ്ടെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ തന്നെ അറിയിച്ചെന്നും സുരേഷ് കൃഷ്ണ പറയുന്നു.

മണിരത്‌നത്തിന്റെ റൂമിലേക്ക് തന്നെ വിളിപ്പിച്ചെന്നും അവിടെ എത്തിയപ്പോള്‍ അദ്ദേഹം തന്നെ അടിമുടി നോക്കിക്കൊണ്ട് നിന്നെന്നും താരം പറഞ്ഞു. കടല്‍ എന്ന സിനിമയിലേക്കാണ് തന്നെ വിളിച്ചതെന്നും കുട്ടിസ്രാങ്കിലെ വേഷം കണ്ടാണ് തന്നെ ആ വേഷത്തിലേക്ക് പരിഗണിച്ചതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു താരം.

‘മണിരത്‌നം സാറിന്റെ ഒരു സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ചെന്നൈയിലെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞാണ് വിളിച്ചത്. നല്ലൊരു അവസരം കളയണ്ടെന്ന് കരുതി ഞാന്‍ അങ്ങോട്ട് ചെന്നു. അദ്ദേഹത്തിന്റെ മാനേജര്‍ എന്നെ മണി സാറിന്റെ റൂമിലേക്ക് പറഞ്ഞുവിട്ടു. അവിടെയെത്തിയപ്പോള്‍ സാര്‍ എന്നെ കുറേ നേരം അടിമുടി നോക്കി നിന്നു.

‘ഞാന്‍ ഉദ്ദേശിക്കുന്നയാള്‍ നിങ്ങള്‍ തന്നെയാണോ’ എന്ന് മണി സാര്‍ എന്നോട് ചോദിച്ചു. ‘സാര്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് അറിയില്ല’ എന്ന് മറുപടി നല്‍കി. ‘മമ്മൂട്ടി അഭിനയിച്ച ഒരു പടമുണ്ടല്ലോ, ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്. ആ പടത്തില്‍ അഭിനയിച്ച നടനെയാണ് ഞാന്‍ ഉദ്ദേശിച്ചത്’ എന്ന് സാര്‍ പറഞ്ഞു.

ഞാനാണെങ്കില്‍ ആ സമയത്ത് ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു. കണ്ടാല്‍ മനസിലാകില്ല. അത് ഞാന്‍ തന്നെയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കടല്‍ എന്ന സിനിമയിലേക്കായിരുന്നു എന്നെ വിളിച്ചത്. മൂന്ന് ഗെറ്റപ്പൊക്കെയുള്ള ക്യാരക്ടറാണ്. വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് മാസമായിട്ടും ഷൂട്ട് തുടങ്ങിയില്ല. ഒടുവില്‍ ആ സിനിമയുടെ സ്‌ക്രിപ്‌റ്റൊക്കെ മാറ്റിയെന്നറിഞ്ഞു. എന്നാലും എനിക്ക് അതില്‍ വിഷമമില്ല,’ സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlight: Suresh Krishna saying he missed an opportunity to act in a Maniratnam movie

We use cookies to give you the best possible experience. Learn more