വില്ലനായും നെഗറ്റീവ് റോളുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാകുകയും പിന്നീട് ട്രാക്ക് മാറ്റി ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയും ചെയ്ത അഭിനേതാവാണ് സുരേഷ് കൃഷ്ണ. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ബൈജു ചേട്ടന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരെ ഒന്നാകെ കൈയിലെടുത്തിരുന്നു. ചിത്രത്തിലെ പല സീനുകളിലും സ്‌കോര്‍ ചെയ്ത സുരേഷ്‌കൃഷ്ണയ്ക്ക് പ്രശംസയുമായി ഒട്ടനവധി പേരാണ് രംഗത്തെത്തിയത്.
170 കോടിയിലധികം നേടി ബെത്‌ലഹേം കുടുംബ യൂണിറ്റ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
ഒരു സിനിമയുടെ എല്ലാ വിഭാഗങ്ങളും ഒരുപോലെ ഒത്തുവരുമ്പോഴാണ് അതൊരു സൂപ്പര്‍ ഹിറ്റ് ആകുന്നത്. അത്തരത്തിലൊരു വിജയസിനിമയുടെ ഭാഗമാകാന്‍ സാധിച്ചു എന്നതില്‍ സന്തോഷം. ബെത്‌ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നതും ഒരു പുതിയ ടീമിനൊപ്പമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാരണം സംവിധായകന്‍ ഗിരീഷും നായകന്‍ നിവിന്‍ പോളിയുമടക്കം എല്ലാവരുടെയും കൂടെ ഞാന്‍ ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നത്.
അവര്‍ക്കാണെങ്കില്‍ എന്നെ നേരിട്ട് അറിയുകയും ഇല്ല. ഇതിനുമുമ്പ് മരണമാസ്, ഡ്രൈവിങ് ലൈസന്‍സ്, ചേട്ടായീസ് തുടങ്ങി വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് സെറ്റിലേക്ക് ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് ഞാന്‍ ചെന്നത്. ഗിരീഷ് എ.ഡി.യുടെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഞാന്‍ വിളിച്ച് അഭിനന്ദനമറിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള ബന്ധം മാത്രമേയുള്ളൂ. സെറ്റിലെത്തിയാല്‍ എല്ലാവരുമായും സിങ്കാകുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. എന്നാല്‍, ആദ്യ ദിനംമുതല്‍ കഥയുമായും ആ ടീമുമായും സിങ്കായി. പിന്നെ ഓരോ സീന്‍ കിട്ടുമ്പോഴും വളരെ ആസ്വദിച്ച് ഞങ്ങളെല്ലാം അത് അഭിനയിച്ചു തുടങ്ങി,’ സുരേഷ് കൃഷ്ണ പറഞ്ഞു.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 150 കോടിയോളം സ്വന്തമാക്കിയ പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെയാണ് ബെത്‌ലഹേമും നിര്‍മിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 200 കോടി പിന്നിടുമെന്നാണ് സിനിമാ പേജുകള്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Suresh Krihsna talks about Bethlehem Kudumba Unit Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.