കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് തോന്നിച്ച വിവാദമായിരുന്നു ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ റിലീസിന് മുമ്പ് ഉടലെടുത്തത്. നായികയുടെ പേര് ജാനകി എന്ന് വെക്കാന്‍ പാടില്ലെന്നും പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. മൂന്നാഴ്ചയോളം ചിത്രത്തിന്റെ റിലീസ് തടയപ്പെട്ടിരുന്നു.
ജാനകി. വി എന്ന് പേര് മാറ്റിയ ശേഷം തിയേറ്ററിലെത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മികച്ച പ്രമേയത്തിന്റെ മോശം അവതരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സീരിയസായി സമീപിക്കേണ്ട വിഷയത്തെ വളരെ അലസമായാണ് സംവിധായകന്‍ സമീപിച്ചത്. എന്നാല്‍ അതിനെക്കാള്‍ പലരും വിമര്‍ശിക്കുന്നത് ചിത്രത്തിലെ മറ്റ് ചില കാര്യങ്ങളാണ്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കേണ്ട കഥയില്‍ പകുതി സമയവും കേരളത്തെ കുറ്റപ്പെടുത്തുന്ന ഡയലോഗുകളാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രമായ ഡേവിഡ് ആബേല്‍ ഡോണോവന്‍ പറയുന്നത്. കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിലും കേരളത്തെ കുറ്റം പറഞ്ഞ് കൈയടി നേടാനുള്ള സുരേഷ് ഗോപിയുടെ ശ്രമമായിരുന്നു ജാനകി. വി Vs സ്റ്റേറ്റ് ഓഫ് കേരള.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് സാമ്യമുള്ള ഒരു കഥാപാത്രത്തിനെതിരെ കേസ് നടത്താന്‍ ശ്രമിക്കുന്ന ഡേവിഡ് വക്കീലിനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. കേസില്‍ നിന്ന് ഒഴിവാകണമെന്ന് പറഞ്ഞുവരുന്ന മെത്രാനെ മാസ് ഡയലോഗടിച്ച് ഡേവിഡ് വക്കീല്‍ പറഞ്ഞയക്കുന്നുണ്ട്. പിന്നീട് പുരോഹിതന് വേണ്ടി സംസാരിക്കാന്‍ വരുന്ന എം.എല്‍.എയോടും നായകന്‍ ഇതേ ഡയലോഗുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. നിസ്താര്‍ സേട്ടാണ് എം.എല്‍.എയായി വേഷമിട്ടത്.
മത്സരിച്ച എല്ലാ ഇലക്ഷനിലും തോറ്റ ശേഷം മതപുരോഹിതന്മാരുടെ തിണ്ണ നിരങ്ങിയാണ് ജയിച്ചതെന്ന് മറക്കരുതെന്ന് നിസ്താര്‍ സേട്ടിന്റെ കഥാപാത്രത്തോട് ഡേവിഡ് വക്കീല്‍ പറയുന്നുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഡയലോഗാണോ ഇതെന്ന് ഒരുനിമിഷം ആലോചിച്ചാല്‍ അതില്‍ ആരെയും തെറ്റ് പറയാനാകില്ല.
നായികയായ ജാനകിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് വേണ്ടിയാണ് ഡേവിഡ് ആബേല്‍ കോടതിയില്‍ ഹാജരാകുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ കോടതിയില്‍ വിസ്തരിക്കുമ്പോള്‍ യാതൊരു ആവശ്യമില്ലാതിരുന്നിട്ട് കേരളം നമ്പര്‍ വണ്‍ ആണെന്നും ഇവിടെ കൈയില്‍ കിട്ടുന്ന പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും നായക കഥാപാത്രം പറയുന്നുണ്ട്.
രണ്ടാം പകുതിയില്‍ കേസൊന്നും ഇല്ലാതിരിക്കുമ്പോള്‍ സഹകരണ ബാങ്ക് അഴിമതി താന്‍ ഏറ്റെടുക്കുമെന്നും എല്ലാവര്‍ക്കും നീതി നേടിക്കൊടുക്കുമെന്നും പൊലീസ് സ്റ്റേഷനില്‍ കയറി മാസ് ഡയലോഗടിക്കുന്നുണ്ട്. ഈ ഭാഗത്തിനും കഥയില്‍ പിന്നീട് പ്രാധാന്യമൊന്നുമില്ല.
ക്ലൈമാക്‌സിലെ കോടതിരംഗത്തില്‍ വികസനം എന്നാല്‍ ശരിക്കും എന്താണെന്ന് വലിയൊരു ക്ലാസ് തന്നെ ഡേവിഡ് വക്കീല്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. എല്ലായിടത്തും റോഡ് ഉണ്ടാക്കി, പാലങ്ങള്‍ ഉണ്ടാക്കി എന്ന് പറയുന്നതും സാധാരണക്കാരുടെ നെഞ്ചത്ത് മഞ്ഞക്കുറ്റി വെക്കുന്നതുമല്ല വികസനമെന്നും നായകന്‍ പറയുന്നുണ്ട്.
ജന ഗണ മനയിലും എമ്പുരാനിലും കേന്ദ്രത്തെ ആവശ്യത്തിലധികം വിമര്‍ശിക്കുന്നതില്‍ ഫ്രസ്റ്റ്രേറ്റഡായി അതിനെതിരെ ചെയ്ത വികല ശ്രമമായിട്ടാണ് ഈ സിനിമ അനുഭവപ്പെട്ടത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളെ വാക്കുകൊണ്ടുപോലും നോവിക്കാതിരിക്കാന്‍ നായകന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന സിനിമ എന്ന പേരില്‍ കേരളത്തിനെതിരെ സംസാരിക്കുന്ന സിനിമ എന്ന് ജാനകി (വി) vs സ്റ്റേറ്റ് ഓഫ് കേരളയെ വിശേഷിപ്പിച്ചാല്‍ ആരെയും തെറ്റ് പറയാന്‍ സാധിക്കില്ല. മറ്റൊരു കേരള സ്റ്റോറി പോലെ വിവാദമാക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട ശ്രമമെന്ന് ഈ സിനിമയെ പറയാന്‍ സാധിക്കും.
Content Highlight: Suresh Gopi’s dialogue against Kerala state in Janaki Vs State of Kerala movie