| Wednesday, 26th March 2025, 7:48 am

വീട്ടില്‍ പെണ്ണുങ്ങള്‍ക്ക് ഇത്രയും ജോലിയുണ്ടായിരുന്നോയെന്ന് ആ സിനിമ കണ്ട് ആണുങ്ങള്‍ ചോദിച്ചു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം നിരൂപക പ്രശംസയ്‌ക്കൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിലെ കഥാപാത്രം താന്‍ ചെയ്യാമെന്ന് സംവിധായകനോട് അങ്ങോട്ട് പറയുകയാണുണ്ടായതെന്നും നിര്‍മാണത്തിലും താന്‍ പങ്കാളിയായിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. സിനിമ വലിയ ചര്‍ച്ചയായെന്നും പല സ്ത്രീകളും ആ സിനിമ കണ്ടിട്ട് അവരുടെ ജീവിതമാണെന്ന് പറഞ്ഞെന്നും സുരാജ് വ്യക്തമാക്കി.

ചിത്രം കണ്ടിട്ട് തന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ‘വീട്ടില്‍ പെണ്ണുങ്ങള്‍ക്ക് ഇത്രയും ജോലിയുണ്ടായിരുന്നോ, ഇപ്പോള്‍ ഭാര്യയുടെ കൂടെ താനും ജോലി ചെയ്യാറുണ്ട്’ എന്ന് പറഞ്ഞിട്ടുണ്ടെന്നും സമൂഹത്തില്‍ മാറ്റം ഉണ്ടാകാന്‍ ആ സിനിമക്കായെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘എന്റെ ഫ്രണ്ടാണ് ജിയോ ബേബി. അവന്‍ ഒരു ദിവസം വിളിച്ചിട്ട്, ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോകുകയാണ്. അതില്‍ ഒരു കഥാപാത്രമുണ്ട്. പുതിയ ഒരാളെ വെച്ച് ചെയ്യാം എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ആ കഥയൊന്ന് കേള്‍ക്കുമോ എന്നിട്ട് അഭിപ്രായം പറയണമെന്ന് പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആ ഐഡിയ എനിക്ക് വളരെ ഇഷ്ടമായി.

ആ സിനിമ വലിയ ചര്‍ച്ചയായി. പറയേണ്ട വിഷയം തന്നെയായിരുന്നു സിനിമ ചര്‍ച്ച ചെയ്തത്

അദ്ദേഹത്തോട് ഞാന്‍ ആ വേഷം ചെയ്താല്‍ ഒക്കെ ആയിരിക്കുമോ എന്ന് ചോദിച്ചു. ‘നിങ്ങള്‍ വന്നാല്‍ ആ സിനിമ കുറച്ചുകൂടി വലുതാകും. കുറേകൂടി ആളുകളിലേക്ക് എത്തും. പക്ഷെ ചെറിയ വേഷമാണ്’ എന്ന് ജിയോ ബേബി പറഞ്ഞു. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നാണ് ആ സിനിമ നിര്‍മിച്ചത്.

ആ സിനിമ വലിയ ചര്‍ച്ചയായി. പറയേണ്ട വിഷയം തന്നെയായിരുന്നു സിനിമ ചര്‍ച്ച ചെയ്തത്. പല സ്ത്രീകളും ആ സിനിമ കണ്ടിട്ട് അവരുടെ ജീവിതമാണെന്ന് പറഞ്ഞു. എന്നാല്‍ ഇന്ത്യ മുഴുവനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചര്‍ച്ചയാകുമെന്ന് ഞാന്‍ ആലോചിച്ച് കൂടിയില്ലായിരുന്നു. ആണുങ്ങളെല്ലാം ആ സിനിമ കണ്ടതിന് ശേഷം വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടിട്ട് എന്റെ കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്, ‘വീട്ടില്‍ പെണ്ണുങ്ങള്‍ക്ക് ഇത്രയും ജോലിയുണ്ടായിരുന്നോ, ഞാനും ഇപ്പോള്‍ ഭാര്യയുടെ കൂടെ ജോലി ചെയ്യാറുണ്ട്’ എന്ന്. അങ്ങനെ സമൂഹത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ ആ സിനിമക്ക് കഴിഞ്ഞു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu  Talks About The Great Indian Kitchen Movie

We use cookies to give you the best possible experience. Learn more