മലയാള സിനിമയിൽ പ്രേക്ഷകർ എത്ര കണ്ടാലും മടുക്കാത്ത ചില കോമഡി കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അതിൽ മുൻപന്തിയിലായിരിക്കും ദശമൂലം ദാമുവിന്റെ സ്ഥാനം.
ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മലയാളികൾക്ക് സമ്മാനിച്ച ഈ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിലും ട്രോൾ ലോകത്തും സജീവമാണ്.
ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നെങ്കിലും പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ദശമൂലം ദാമുവിന്റെ ഡയലോഗുകളും മാനറിസങ്ങളും തന്നെയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും വൈറലായ ഒരു ഡയലോഗ് തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്നും അത് പൂർണമായും സ്പോട്ടിൽ സംഭവിച്ചതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.
ഒരു അഭിമുഖത്തിനിടെയായിരുന്നു താരം ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചത്. ‘ഇന്നത്തെ കേരളം ഇന്നത്തെ കേരളം…’ എന്ന ഡയലോഗും അതിന് പിന്നാലെ വരുന്ന ‘എന്താ നാളെ കേരളം ഇല്ലേ?’ എന്ന കൗണ്ടറും മലയാളികൾ ഇന്നും ഓർത്ത് ചിരിക്കുന്ന രംഗങ്ങളിലൊന്നാണ്. എന്നാൽ ആ രംഗം യാതൊരു പ്ലാനിംഗുമില്ലാതെ സംഭവിച്ചതാണെന്നാണ് സുരാജ് പറയുന്നത്.
‘ഷൂട്ടിങ് സമയത്ത് ദശമൂലം കഴിക്കാനായി ബസിൽ നിന്ന് ഇറങ്ങി കടയിലേക്ക് പോകുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. അപ്പോൾ വഴിയിലൂടെ പോയ ഒരു ലോട്ടറി വിൽപ്പനക്കാരൻ ‘ഇന്നത്തെ കേരളം… ഇന്നത്തെ കേരളം…’ എന്ന് പറഞ്ഞുപോയി.
അത് കേട്ടപ്പോഴാണ് ഉടൻ തന്നെ ഒരു കൗണ്ടർ പറയണമെന്ന തോന്നൽ ഉണ്ടായതെന്നും അങ്ങനെ സ്വാഭാവികമായി ‘എന്താ നാളെ കേരളം ഇല്ലേ?’ എന്ന ഡയലോഗ് പറഞ്ഞതാണെന്നും സുരാജ് വ്യക്തമാക്കി.
ആ രംഗം തിരക്കഥയിൽ ഇല്ലാത്തതായിരുന്നുവെങ്കിലും പിന്നീട് ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ കൈയടി നേടിയ കോമഡി മുഹൂർത്തങ്ങളിലൊന്നായി അത് മാറി. ഇന്നും സോഷ്യൽ മീഡിയ ട്രോളുകളിലും മീമുകളിലും ഈ ഡയലോഗ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
കോമഡി കഥാപാത്രങ്ങളിലൂടെ കരിയർ ആരംഭിച്ച സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. എന്നാൽ ദശമൂലം ദാമു പോലുള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇന്നും താരത്തെ പ്രേക്ഷകരോട് ഏറ്റവും അടുത്ത് നിർത്തുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.