മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത് 'നീ മരിച്ചഭിനയിച്ചത് കൊള്ളാം എന്നാണ് ': സുരാജ് വെഞ്ഞാറമൂട്
Malayalam Cinema
മോഹിനിയാട്ടം കണ്ട് മമ്മൂക്ക വിളിച്ചു പറഞ്ഞത് 'നീ മരിച്ചഭിനയിച്ചത് കൊള്ളാം എന്നാണ് ': സുരാജ് വെഞ്ഞാറമൂട്
കെ.എസ് ഷാബിന
Sunday, 17th May 2026, 5:15 pm

കൃഷ്ണ ദാസ് മുരളിയുടെ സംവിധാനത്തിൽ സൈജു കുറുപ്പ് നായകനായി എത്തിയ ഒരു പക്കാ ഡാർക്ക്‌  ഹ്യൂമർ ചിത്രമാണ്  ഭരതനാട്യം 2 മോഹിനിയാട്ടം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കട്ടക് കട്ടക്ക് മത്സരിച്ചഭിനയിച്ച ചിത്രം മലയാളികൾ വൻ ഹിറ്റാക്കി മാറ്റി. കേവലം ഒരു കോമഡി ചിത്രം എന്നതിലുപരി, മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ബ്രില്യന്റ് റഫറൻസ് ചിത്രമാണ്  മോഹിനിയാട്ടം.

ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജയെ മലയാളികൾ മറക്കില്ല. വളരെ സ്വാർത്ഥനായ ഈ കഥാപാത്രം സിനിമയുടെ ആദ്യപകുതിയിൽ തന്നെ കൊല്ലപ്പെടുന്നുണ്ട്. എന്നാൽ മരണശേഷമുള്ള സുരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും പോസ്റ്റുകളും നിറയുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം

മോഹിനിയാട്ടം.Photo:Screen Grab/Netflix

ഭരതനാട്യം 2 മോഹിനിയാട്ടം കണ്ട ശേഷം മമ്മൂക്ക എന്നെ വിളിച്ചിരുന്നു, ‘നീ മരിച്ചഭിനയിച്ചത് കൊള്ളാം, നിന്റെ ആ മരണശേഷമുള്ള പ്രകടനമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്’ എന്നാണ് മമ്മൂക്ക പറഞ്ഞതെന്ന് സുരാജ് വെളിപ്പെടുത്തുന്നു. സത്യം പറഞ്ഞാൽ മരിച്ചതിന് ശേഷം ആ ഭിത്തിയിൽ ചാരിയിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നും ഒരേ സ്ഥലത്തേക്ക് കണ്ണ് വെട്ടിക്കാതെ, അനങ്ങാതെ നോക്കിയിരിക്കണം, അത് ശരിക്കും ഞാൻ മരിച്ചുതന്നെ അഭിനയിച്ച സിനിമയാണ് എന്നും ക്യാൻ ചാനൽ മീഡിയക്ക്‌ നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

‘പണ്ട് വില്ലന്മാരുടെയും നായകന്മാരുടെയും കൈയിൽ നിന്ന് സ്ഥിരമായി തല്ലുകൊള്ളുന്ന വേഷങ്ങൾ ചെയ്യുമ്പോൾ, ഇനി ഇത്തരം സിനിമകൾ ചെയ്യരുതെന്ന് ഭാര്യയും വീട്ടുകാരും എപ്പോഴും പറയുമായിരുന്നു. എന്നാൽ മോഹിനിയാട്ടം തിയേറ്ററിൽ കണ്ട് അവർ ഒരുപാട് ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞ മറുപടി ഇതായിരുന്നു’ എനിക്ക് ചെയ്യാൻ പറ്റാത്തത് സിനിമയിലെങ്കിലും അവർ ചെയ്തല്ലോ’ സുരാജ് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട്.Photo:Kerala TV/ANI News

ഒരു സിനിമയ്ക്ക് നല്ല തിരക്കഥയാണ് ഏറ്റവും പ്രധാനം എന്നും, കഥാപാത്രം ചെറുതാണെങ്കിലും അതിൽ നമുക്ക് പുതുതായി എന്ത് ചെയ്യാൻ കഴിയും എന്നാണ് താൻ നോക്കാറുള്ളത് എന്നും താരം പറയുന്നു. മോഹിനിയാട്ടത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ഇതൊരു ഹിറ്റ് ഐഡിയ ആണെന്ന് മനസ്സിലായിരുന്നു എന്നും സംവിധായകന് അത് മനോഹരമായി സ്ക്രീനിലെത്തിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂട്, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ‘മോഹിനിയാട്ട’ത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരം ഒരിക്കൽക്കൂടി കൈയടി നേടുന്നു.

Content HIghlight: Suraj Venjaramoodu talks about mohiniyattam

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.