എവിടെ പരിപാടി അവതരിപ്പിച്ചാലും ആറ് മണിക്ക് മുമ്പ് വീട്ടിൽ കയറണം എന്നായിരുന്നു അച്ഛന്റെ ഓർഡർ: സുരാജ് വെഞ്ഞാറമൂട്
Malayalam Cinema
എവിടെ പരിപാടി അവതരിപ്പിച്ചാലും ആറ് മണിക്ക് മുമ്പ് വീട്ടിൽ കയറണം എന്നായിരുന്നു അച്ഛന്റെ ഓർഡർ: സുരാജ് വെഞ്ഞാറമൂട്
നന്ദന എം.സി
Tuesday, 2nd June 2026, 7:58 am

മലയാളികളുടെ പ്രിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒരു പിടി മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കോമഡി റോളുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിക്കുകയായിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, തന്റെ കലാജീവിതത്തിന്റെ തുടക്കകാലത്തെ കുടുംബ പിന്തുണയെക്കുറിച്ചും പ്രത്യേകിച്ച് അച്ഛന്റെ കർശന നിലപാടുകളെക്കുറിച്ചും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.

സുരാജ് വെഞ്ഞാറമൂട്, Photo: IMDb

എവിടെ പരിപാടി അവതരിപ്പിക്കാൻ പോയാലും വൈകുന്നേരം ആറുമണിക്ക് മുമ്പ് വീട്ടിലെത്തണമെന്നായിരുന്നു അച്ഛന്റെ നിർദേശമെന്ന് താരം ഓർക്കുന്നു.

‘കുടുംബമാണ് കരുത്തെന്നു പറയാറുണ്ടല്ലോ? വീട്ടുകാരുടെ സപ്പോർട്ട് കൊണ്ടാണ് ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കാനായത്. മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയ കാലത്തേ അങ്ങനെയാണ്. അച്ഛൻ ആകെ ഒന്നേ പറഞ്ഞിട്ടുള്ളു. ‘നീ അൻറാർട്ടിക്കയിൽ പോയി പരിപാടി അവതരിപ്പിച്ചാലും കുഴപ്പമില്ല, ആറു മണിക്കു മുമ്പ് വീട്ടിൽ കയറണം.’ അന്ന് അമ്മയാണ് സഹായിച്ചത്,’ സുരാജ് പറഞ്ഞു.

തന്റെ കലാപരിപാടികൾ കാരണം പലപ്പോഴും വൈകിയെത്തേണ്ടി വന്ന സാഹചര്യങ്ങളിൽ അമ്മ നൽകിയ പിന്തുണയെക്കുറിച്ചും താരം സംസാരിച്ചു. ‘അച്ഛനെ സോപ്പിട്ടും ഞാൻ വൈകുന്നത് അച്ഛനെ അറിയിക്കാതെയും എനിക്കൊപ്പം നിന്നു,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സുരാജ് വെഞ്ഞാറമൂട്, Photo: IMDb

വിവാഹശേഷം ആ ഉത്തരവാദിത്തം ഭാര്യ സുപ്രിയ ഏറ്റെടുത്തുവെന്നും സുരാജ് പറയുന്നു. ‘കല്യാണം കഴിച്ചപ്പോൾ ആ റോൾ ഭാര്യ സുപ്രിയ ഏറ്റെടുത്തു. വീട്ടിലെ ഒരു ടെൻഷനും അറിയിച്ചില്ല. മക്കളുടെ പഠനം, സ്‌കൂളിലെ കാര്യങ്ങൾ… എല്ലാം ഒറ്റയ്ക്ക് ചെയ്തു,’ എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ 25 വർഷത്തിനിടയിൽ തന്റെ വ്യക്തിത്വത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും സുരാജ് മനസുതുറന്നു. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഭയമാണ് പല അവസരങ്ങളും നഷ്ടമാക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു.

‘പേടി മാറി. മുമ്പും പല ഭാഷകളിൽ അഭിനയിക്കാനുള്ള അവസരം വന്നിട്ടുണ്ട്. മലയാളമേ അറിയൂ എന്നതുകൊണ്ടു പോയില്ല. ഭയം കൊണ്ടാണ് ജീവിതത്തിൽ പല നേട്ടങ്ങളും നമുക്ക് കിട്ടാതെ പോവുന്നത്.

പേടി മായ്ച്ചു കളഞ്ഞതോടെ, ഏതു ചമ്മലും നെഞ്ചും വിരിച്ച് ഏറ്റെടുക്കാനുള്ള ധൈര്യം വന്നു. ആകെ ഒരു ജന്മം അല്ലേയുള്ളൂ. ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. അതോടെ മറ്റൊരു കാലത്തിലേക്കു കടന്നതെന്ന് തോന്നാറുണ്ട്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu talks about his father

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.