മിമിക്ര രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രം തിളങ്ങിനിന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയായിരുന്നു. മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ തന്റെ ഷെല്‍ഫിലെത്തിക്കാന്‍ സുരാജിന് സാധിച്ചു. മലയാളവും കടന്ന് തമിഴില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സുരാജ് ഇപ്പോള്‍.
വീര ധീര സൂരനിലൂടെ തമിഴിലേക്ക് എന്‍ട്രി നടത്തിയ സുരാജ് ജയിലര്‍ 2 അടക്കം മൂന്ന് തമിഴ് ചിത്രങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കി. കെന്‍ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്ത് റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തില്‍ സുരാജും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ധനുഷ് നായകനായ കരക്ക് ശേഷം താന്‍ ചെയ്ത സിനിമയാണ് യൂത്തെന്ന് സുരാജ് പറയുന്നു.
സുരാജ് വെഞ്ഞാറമൂട് Photo: Screen grab/ Cineulagam
കരയുടെ സെറ്റില്‍ കെന്നിന്റെ അച്ഛന്‍ കരുണാസും ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് ഈ സിനിമയെക്കുറിച്ച് തന്നോട് ആദ്യമായി പറഞ്ഞതെന്നും സുരാജ് പറയുന്നു. കരയുടെ ഷൂട്ട് അവസാനിച്ചപ്പോള്‍ കെന്നും കരുണാസും കേരളത്തിലെത്തി തന്നോട് കഥ പറയുകയായിരുന്നെന്നും അയാളുടെ നരേഷന്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘ഇന്നേവരെ അങ്ങനെയൊരു നരേഷന്‍ ഞാന്‍ കേട്ടിട്ടില്ല. ഓരോ കഥാപാത്രത്തിനെക്കുറിച്ചും ഡീറ്റെയിലായി സംസാരിച്ച്, ബി.ജി.എമ്മൊക്കെ കേള്‍പ്പിച്ച് ഒരു വെറൈറ്റി നരേഷനായിരുന്നു അത്. ഈ ചെറിയ പയ്യന്റെ വിഷനും സിനിമയെ അയാള്‍ സമീപിക്കുന്ന രീതിയും അത്ഭുതപ്പെടുത്തി. ഇവന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ചിരിയാണ്. എന്തോ ഒരു മാജിക് അതിലുണ്ട്. അത് കേട്ടാല്‍ നമ്മള്‍ വീഴും. ആ ചിരി കൊണ്ട് അവന്‍ സെറ്റില്‍ എന്നെ ഒരുപാട് നേരം പിടിച്ചുനിര്‍ത്തിയിട്ടുണ്ട്.
കഥ കേട്ടതിന് ശേഷം ഞാന്‍ അവനോട് കുറെ കാര്യങ്ങള്‍ ചോദിച്ചു. ഈ പടത്തിന്റെ ലിറിസിസ്റ്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ ‘ഞാനാണ് സാര്‍’ എന്ന് പറഞ്ഞു. പാട്ട് പാടിയത് ആരാണ് എന്ന ചോദ്യത്തിനും ‘ഞാനാണ് സാര്‍ എന്നായിരുന്നു മറുപടി. സംവിധാനവും അവന്‍ തന്നെ, നായകനും അവന്‍ തന്നെ. പ്രൊഡ്യൂസറും അവനാണോ എന്ന് ചോദിച്ചപ്പോള്‍ ‘അല്ല സാര്‍, അത് വേറെ ആളാണ്. പ്രൊഡ്യുസറാകുന്നത് റിസ്‌കാണ്’ എന്നായിരുന്നു മറുപടി,’ സുരാജ് പറഞ്ഞു.
സെറ്റിലും കെന്‍ വളരെ വൈബ്രന്റായിരുന്നെന്നും എല്ലാവരോടും ചിരിച്ച് കളിച്ച് ഇടപഴകുന്ന ആളാണെന്നും സുരാജ് പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ് കെന്‍ എന്നും സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അയാള്‍ക്കുണ്ടെന്നും സുരാജ് പറഞ്ഞു. താന്‍ കഴിഞ്ഞവര്‍ഷം ചെയ്ത മൂന്ന് തമിഴ് സിനിമകളില്‍ ആദ്യത്തെ റിലീസാണ് യൂത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Suraj Venjaramoodu shares the working experience with Ken Karunas