മലയാളച്ചുവയില്ലാതെ ഡയലോഗ് പറയാന്‍ സഹായം ചോദിച്ചതാ, ഒരുദിവസം മൊത്തം എടുത്തിട്ട് ഒരു ഡയലോഗ് മാത്രമേ പറഞ്ഞുള്ളൂ: സുരാജ് വെഞ്ഞാറമൂട്
Indian Cinema
മലയാളച്ചുവയില്ലാതെ ഡയലോഗ് പറയാന്‍ സഹായം ചോദിച്ചതാ, ഒരുദിവസം മൊത്തം എടുത്തിട്ട് ഒരു ഡയലോഗ് മാത്രമേ പറഞ്ഞുള്ളൂ: സുരാജ് വെഞ്ഞാറമൂട്
അമര്‍നാഥ് എം.
Saturday, 18th April 2026, 7:30 pm

മിമിക്രിയില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ താരങ്ങളില്‍ പ്രധാനിയാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരാജ് പിന്നീട് നായകവേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും തിളങ്ങി. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ തന്റെ ഷെല്‍ഫിലെത്തിച്ച സുരാജ് ഇപ്പോള്‍ അന്യഭാഷയിലും തിളങ്ങുകയാണ്.

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറിയ യൂത്തില്‍ സുരാജിന്റേത് ഗംഭീര പ്രകടനമായിരുന്നു. പിന്നാലെ മലയാളത്തിലും സുരാജ് തിളങ്ങി. മോഹിനിയാട്ടത്തിലെ ഗോവിന്ദരാജയെന്ന കഥാപാത്രം താരം ഗംഭീരമാക്കി. ഇപ്പോഴിതാ പുതിയ ചിത്രമായ കര റിലീസിന് തയാറെടുക്കുകയാണ്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ ഭരതന്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് Photo: Screen grab/ Cineulagam

ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തമിഴില്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും റൂറലായിട്ടുള്ള കഥാപാത്രമാണ് കരയിലേതെന്ന് സുരാജ് പറഞ്ഞു. രാമനാഥപുരം എന്ന സ്ഥലത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും ആ സ്ലാങ്ങില്‍ സംസാരിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനി ഉലഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സിനിമയില്‍ വേണമെങ്കില്‍ മലയാളച്ചുവയില്‍ ഡയലോഗ് പറയാമെന്ന് ഡയറക്ടര്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ അതിന് സമ്മതിച്ചില്ല. മലയാളത്തിന്റെ വാട പോലും അടിക്കരുത്, അതിന് നിങ്ങള്‍ സഹായിക്കണമെന്ന് ഞാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ ഡബ്ബിങ് ആരംഭിച്ചു.

ആദ്യത്തെ ദിവസം ആദ്യത്തെ സീന്‍ ഡബ്ബ് ചെയ്യുകയാണ്. ‘കതകെ തുറന്ത്’ എന്നാണ് ഡയലോഗെന്ന് സംവിധായകന്‍ പറഞ്ഞു. ‘കതകെ തൊറന്ത്’ എന്ന് ഞാന്‍ പറയുകയും ചെയ്തു. അങ്ങനെയല്ല എന്ന് പറഞ്ഞ് സംവിധായകന്‍ റീടേക്ക് ആവശ്യപ്പെട്ടു. ഒരുപാട് റീടേക്ക് എടുത്തിട്ട് അന്നത്തെ ദിവസം ആ ഒരൊറ്റ ഡയലോഗ് മാത്രമേ പറഞ്ഞുള്ളൂ. എല്ലാവരും രണ്ട് ദിവസം കൊണ്ട് തീര്‍ക്കുന്ന ഡബ്ബിങ് ഞാന്‍ പത്ത് ദിവസം കൊണ്ടാണ് തീര്‍ത്തത്,’ സുരാജ് പറയുന്നു.

ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് പല സീനുകളും ഡബ്ബ് ചെയ്ത് തീര്‍ത്തതെന്നും സുരാജ് പറഞ്ഞു. ഒരു പ്രത്യേക സീനില്‍ താന്‍ തന്റെ മുഴുവന്‍ എഫര്‍ട്ടും ഇട്ടിട്ടുണ്ടെന്നും അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ജയറാമും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കെ.എസ്. രവികുമാര്‍, കരുണാസ്, ശ്രീജ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Suraj Venjaramoodu shares the dubbing experience of Kara Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം