| Friday, 13th December 2024, 4:30 pm

ആ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് എന്റെ എല്ലാ സീനുകളും കട്ട് ചെയ്യുകയാണെന്ന് സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. മമ്മൂട്ടി നായകനായ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. അതുവരെ കാണാത്ത ഗെറ്റപ്പിലും ഡയലോഗ് ഡെലിവറിയിലുമാണ് മമ്മൂട്ടി രാജമാണിക്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാങ്ങിന് സഹായിച്ചത് സുരാജ് വെഞ്ഞാറമൂടായിരുന്നു. രാജമാണിക്യത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ മമ്മൂട്ടിയുമായി കൂടുതല്‍ കമ്പനിയായതെന്നും ചിത്രത്തില്‍ താനും ചെറിയൊരു വേഷം ചെയ്തിരുന്നെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തില്‍ പദ്മപ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തിയുടെ കാമുകനായാണ് താന്‍ രാജമാണിക്യത്തില്‍ അഭിനയിച്ചതെന്ന് സുരാജ് പറഞ്ഞു.

ഏറ്റവുമൊടുവിലാണ് തന്റെ കഥാപാത്രത്തെ എഴുതിച്ചേര്‍ത്തതെന്നും ഷൂട്ടിന് മുമ്പാണ് ഡയലോഗ് എഴുതിയതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. സെറ്റിലേക്ക് പോകുന്ന വഴിക്ക് താന്‍ ഡയലോഗ് പഠിച്ചെന്നും എന്നാല്‍ ആദ്യത്തെ സീന്‍ തന്നെ 18 ടേക്ക് വരെ പോയിരുന്നെന്നും സുരാജ് പറഞ്ഞു. എങ്ങനെയോ ഒരുവിധമാണ് ആ സീനൊക്കെ എടുത്തതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

പക്ഷേ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് തന്നെ വിളിച്ചെന്നും തന്റെ സീനുകള്‍ എല്ലാം കട്ട് ചെയ്യുകയാണെന്ന് പറഞ്ഞെന്നും സുരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ വിഷമിക്കണ്ടെന്നും അടുത്ത സിനിമയില്‍ ഇതിനെക്കാള്‍ നല്ലൊരു വേഷം തരാമെന്ന് വാക്ക് തന്നെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘രാജമാണിക്യത്തിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ മമ്മൂക്കയുമായി കൂടുതല്‍ അടുക്കുന്നത്. ഷോട്ടൊന്നും ഇല്ലാത്ത സമയത്ത് പുള്ളി എന്നോട് ഒരുപാട് സംസാരിക്കുമായിരുന്നു. രാജമാണിക്യത്തില്‍ ഞാനും ഒരു വേഷം ചെയ്തിട്ടുണ്ട്. പദ്മപ്രിയ അവതരിപ്പിച്ച ക്യാരക്ടറിന്റെ അനിയത്തിയുടെ കാമുകന്റെ റോളായിരുന്നു എനിക്ക് രാജമാണിക്യത്തില്‍.

എന്റെ ഡയലോഗുകളെല്ലാം ഞാന്‍ തന്നെയായിരുന്നു എഴുതിയത്. എന്നിട്ട് ആദ്യത്തെ സീന്‍ തന്നെ 18 ടേക്ക് വരെ പോയി. എന്നിട്ട് അവസാനം എങ്ങനൊക്കെയോ ഒപ്പിച്ചു. പക്ഷേ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ അന്‍വര്‍ റഷീദ് എന്നെ വിളിച്ചിട്ട് ‘അളിയാ, നിന്റെ സീനെല്ലാം കട്ട് ചെയ്യാന്‍ പോവുകയാണ്, പേടിക്കണ്ട, അടുത്ത പടത്തില്‍ നല്ലൊരു വേഷം തരാം’ എന്ന് വാക്കുതന്നു,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu saying all his scenes from Rajamanikyam movie were deleted

We use cookies to give you the best possible experience. Learn more