വാഴ 2ന്റെ വന്‍ വിജയത്തിനിടയിലും തിയേറ്ററുകളില്‍ ആളെ നിറച്ചുകൊണ്ട് മുന്നേറുകയാണ് മോഹിനിയാട്ടം. ചുരുക്കം സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം പലയിടത്തും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം മികച്ച വിജയം നേടുമെന്നാണ് കരുതുന്നത്.

മോഹിനിയാട്ടം Photo: Theatrical poster

ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തിന്റെ കഥ പറയുന്നത്. ചിത്രത്തിലെ ഓരോ കോമഡിയും കൃത്യമായി പ്രേക്ഷകരിലേക്ക് വര്‍ക്കാക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങള്‍ കൂടി രംഗപ്രവേശം ചെയ്തിട്ടുണ്ട്.

അത്തരത്തിലൊരു കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ. സിനിമ തുടങ്ങി ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഗോവിന്ദരാജ എന്‍ട്രി നടത്തുന്നുണ്ട്. നല്ല സ്പീഡില്‍ ചീറിപ്പായുന്ന ആംബുലന്‍സിനെ സ്‌കൂട്ടറില്‍ ഓവര്‍ടേക്ക് ചെയ്തുകൊണ്ടാണ് ഗോവിന്ദരാജയുടെ ഇന്‍ട്രോ. കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്ന് പിന്നീടുള്ള കുറച്ച് സീനുകള്‍ കൊണ്ട് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട് Photo: Screen grab/ Think Music India

എല്ലാവരെയും പ്രശ്‌നത്തില്‍ നിന്ന് ഊരിയെടുക്കാന്‍ നടക്കുന്നതാണെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ അതിനെക്കാള്‍ വലിയ പണി കൂടെയുള്ളവര്‍ക്ക് പണിയുന്ന പ്രത്യേകതരം കഥാപാത്രമാണ് ഗോവിന്ദരാജ. സ്വന്തം ലാഭം മാത്രം നോക്കി നടക്കുന്ന, സ്വാര്‍ത്ഥനായ ഒരാളാണ് ഇയാളെന്ന് കഥ മുന്നോട്ട് പോകുമ്പോള്‍ വ്യക്തമാകുന്നുണ്ട്. ‘കൂടെയുള്ളവരെ വഞ്ചിച്ചിട്ട് മൂത്തോന്‍ കളിച്ച് ആളെ പറ്റിച്ച് പുട്ടടിക്കും’ എന്ന് ഗോവിന്ദരാജയെക്കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നുണ്ട്.

സ്വന്തം ഭാര്യയെക്കാള്‍ വളര്‍ത്തുപട്ടിയെ സ്‌നേഹിക്കുന്ന ഗോവിന്ദരാജയെ കാണുമ്പോള്‍ മറ്റൊരു കഥാപാത്രത്തെയാണ് ഓര്‍മ വന്നത്. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ എക്കോയില്‍ സൗരഭ് സച്ച്‌ദേവ അവതരിപ്പിച്ച കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ മറ്റൊരു വേര്‍ഷനാണ് ഗോവിന്ദരാജ. കുര്യച്ചന്‍ അടിമുടി സീരിയസാണെങ്കില്‍ ഗോവിന്ദരാജയെ പക്കാ ഹ്യൂമര്‍ കഥാപാത്രമായാണ് അവതരിപ്പിച്ചത്. കൗണ്ടര്‍ ഡയലോഗുകളുടെ കാര്യത്തിലും ഗോവിന്ദരാജ ഒട്ടും പിന്നിലല്ല.

ശശിധരന്‍ നായരുടെ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കുന്നതിനിടയില്‍ നന്ദു പൊതുവാള്‍ അവതരിപ്പിച്ച കഥാപാത്രം ‘ഒന്ന് ഒച്ച വെക്കാതിരിക്കാമോ’ എന്ന് പറയുമ്പോള്‍ ‘നീ പോടാ വഴിപോക്കാ’ എന്നാണ് ഗോവിന്ദരാജയുടെ മറുപടി. സിനിമ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കഥാപാത്രത്തിലൂടെ സുരാജ് കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Content Highlight: Suraj Venjaramoodu character in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ