| Saturday, 14th June 2025, 12:09 pm

എന്റെ ആ സിനിമ ഒരുപാട് പേര്‍ കണ്ടിട്ടില്ല; അത് സങ്കടപ്പെടുത്താറുണ്ട്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മലയാളത്തിന് പുറമെ അദ്ദേഹം തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്ത വീര ധീര സൂരനിലൂടെയാണ് സുരാജ് തന്റെ തമിഴ് എന്‍ട്രി നടത്തിയത്.

സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടികൊടുത്ത സിനിമയായിരുന്നു പേരറിയാത്തവര്‍. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് ചെറിയ ദു:ഖമുണ്ടാക്കുന്ന കാര്യമാണെന്നും പ്രത്യേകിച്ച് ഒരു സിനിമ എന്നില്ല ഏത് സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

ഒരോ സിനിമയും വളരെ ഇഷ്ടത്തോടെയാണ് താന്‍ ചെയ്യുന്നതെന്നും അത് എത്ര ആളുകളാണ് കാണുന്നത് എന്നത് അത്രത്തോളം സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ ആ സിനിമ ആരും കണ്ടിട്ടില്ല എന്നുള്ളത്, അല്ലെങ്കില്‍ അതിന് ഒരു പബ്ലിക്ക് അറ്റന്‍ഷന്‍ കിട്ടിയില്ല എന്നത് ദു:ഖമുണ്ടാക്കുന്ന കാര്യമാണ്. ഏത് സിനിമയാണെങ്കിലും അത് നമ്മള്‍ ഏറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതിന് ശേഷം സിനിമ പ്രേക്ഷകര്‍ കണ്ടില്ല എന്നത് കുറച്ച് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എത്ര ആളുകള്‍ ആ സിനിമ കാണുന്നോ അത് അത്രയും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അവാര്‍ഡ് കിട്ടുന്നതിനും മുകളിലാണ് അത്. അത് കിട്ടുകയാണെങ്കില്‍ ഓക്കെ,’സുരാജ് പറയുന്നു.

പേരറിയാത്തവര്‍

ഡോ. ബിജു തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പേരറിയാത്തവര്‍. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രന്‍സുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ സിനിമ സ്വന്തമാക്കിയിരുന്നു.

Content Highlight: Suraj  Venjaramoodu about  Perariyathavar movie

We use cookies to give you the best possible experience. Learn more