മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു.
ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സുരാജ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സുരാജ് വെഞ്ഞാറമൂട്, Photo: OTT Play
രജനികാന്തിനോടുള്ള ആരാധന ബാല്യകാലം മുതൽ ഉണ്ടായിരുന്നുവെന്ന് സുരാജ് പറയുന്നു. തിരുവനന്തപുരം സാഗരയുടെ ഗാനമേള ട്രൂപ്പിൽ രജനികാന്തിനെ അനുകരിച്ച് പാടുന്ന ഒരു കലാകാരൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അതിശയിച്ചിരുന്നുവെന്നും സുരാജ് ഓർമിച്ചു.
‘തിരുവനന്തപുരം സാഗരയുടെ ഗാനമേള ട്രൂപ്പിൽ രജനി സാറിനെ അനുകരിച്ചു പാടുന്ന ഒരു കലാകാരനുണ്ടായിരുന്നു. പടയപ്പയിലെയും അരുണാചലത്തിലെയും പാട്ടുകൾ രജനിസാറിന്റെ ശബ്ദത്തിൽ പാടും. അതുകേട്ട് വാപൊളിച്ചിരുന്നിട്ടുണ്ട്. ആ ഡ്യൂപ്പിന്റെ പോലും ഫാൻ ആയിരുന്നു ഞാൻ,’ സുരാജ് പറഞ്ഞു.
രജനികാന്തിനെ നേരിൽ കാണാൻ പോലും കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും സിനിമയിൽ എത്തിയ ശേഷവും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.
‘രജനിസാറിനെ നേരിട്ട് കാണാൻ പറ്റുമെന്നു കരുതിയിട്ടില്ല. സിനിമകളിൽ അഭിനയിച്ച ശേഷവും അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പറ്റുമെന്നും പ്രതീക്ഷിച്ചില്ല. ഈശ്വരാനുഗ്രഹം കൊണ്ടാണ് ജയിലർ 2 ലേക്ക് എത്തിയത്,’സുരാജ് പറഞ്ഞു.
കേരളത്തിലെ ലൊക്കേഷനിൽ വച്ചായിരുന്നു രജനികാന്തിനെ ആദ്യമായി കണ്ടതെന്നും ആ നിമിഷം ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും സുരാജ് വ്യക്തമാക്കി.
‘കേരളത്തിലെ ലൊക്കേഷനിൽ വച്ചാണ് രജനി സാറിനെ കാണുന്നത്. ആദ്യ കാഴ്ചയിൽ, ഇതാണോ ആരാധകരെ ആവേശത്തിന്റെ ആകാശത്തിലേക്ക് ഉയർത്തുന്ന രജനികാന്ത് എന്നു തോന്നിപ്പോയി. കസേരയിൽ പുസ്തകവും വായിച്ചിരിക്കുന്ന ചെറിയ മനുഷ്യൻ. ഒരിത്തിരി മടിയോടെ അടുത്തേക്ക് ചെന്നു,’താരം പറഞ്ഞു.
എന്നാൽ താൻ അടുത്തെത്തിയപ്പോൾ രജനികാന്ത് എഴുന്നേറ്റ് നിന്ന് സ്വീകരിച്ചതാണ് കൂടുതൽ അമ്പരപ്പിച്ചതെന്ന് സുരാജ് പറയുന്നു. ‘അത്ഭുതപ്പെടുത്തികൊണ്ട് സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘സാർ ഒന്നു കാണണം, ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളു. ഒരുമിച്ച് അഭിനയിക്കാൻ പറ്റി.’ അദ്ദേഹം അതുകേട്ട് എന്നെ ചേർത്തുപിടിച്ചു. ശരിക്കും ഒരു ഫാൻബോയ് മൊമെന്റായിരുന്നു,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj vanjaramoodu talk about Rajinikanth
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.