ഞാൻ തകർന്നു, അമ്മയ്ക്ക് പോലും സ്വന്തം മകനെ തിരിച്ചറിയാൻ പറ്റിയില്ല, എനിക്ക് നിരാശ തോന്നി: സുരാജ് വെഞ്ഞാറമൂട്
Malayalam Cinema
ഞാൻ തകർന്നു, അമ്മയ്ക്ക് പോലും സ്വന്തം മകനെ തിരിച്ചറിയാൻ പറ്റിയില്ല, എനിക്ക് നിരാശ തോന്നി: സുരാജ് വെഞ്ഞാറമൂട്
നന്ദന എം.സി
Monday, 25th May 2026, 7:32 am

മലയാളികളുടെ പ്രിയതാരമായ സുരാജ് വെഞ്ഞാറമൂട് തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട രസകരവും അതേസമയം നിരാശാജനകവുമായ ഒരു അനുഭവം പങ്കുവെക്കുകയാണ്.

താൻ നരേന്ദ്ര പ്രസാദ് ആയി അനുകരിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് പിന്നാലെയുണ്ടായ അനുഭവങ്ങളെയും കുറിച്ചുമാണ് സുരാജ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.

സുരാജ് വെഞ്ഞാറമൂട്, Photo: Suraj Venjaramoodu/ Facebook

ഏകലവ്യൻ സിനിമയിലെ സ്വാമി കഥാപാത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു സുരാജ് നരേന്ദ്രപ്രസാദിനെ അനുകരിച്ചത്. ആ വേഷം ചെയ്യുന്നതിനിടെ നേരിട്ട ബുദ്ധിമുട്ടുകൾ ഇന്നും മറക്കാനാകില്ലെന്നാണ് താരം പറയുന്നത്.

‘നരേന്ദ്രപ്രസാദ് സാറായി അഭിനയിച്ചത് ഓർക്കുമ്പോൾ ഇന്നും മുഖത്ത് ചൊറിച്ചിൽ വരും. താടി തട്ടിക്കൂട്ടു പരിപാടിയായിരുന്നു. താടിക്കഷണങ്ങൾ പറിഞ്ഞുപോവാതിരിക്കാൻ നല്ല പോലെ പശ തേച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ അസഹ്യമായി ചൊറിയാൻ തുടങ്ങി. കുടക്കമ്പിപോലെ ഒരു സാധനം കൊണ്ട് താടിക്കുള്ളിലൂടെ കയറ്റി ചൊറിഞ്ഞിരുന്നു,’ സുരാജ് പറഞ്ഞു.

ഗെറ്റപ്പിന്റെ ബുദ്ധിമുട്ട് കാരണം ശരിയായി ഭക്ഷണം കഴിക്കാനും കഴിഞ്ഞിരുന്നില്ലെന്ന് താരം ഓർത്തെടുത്തു. ‘താടിയുള്ളതുകൊണ്ട് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല. കഞ്ഞി മിക്സിയിൽ അടിച്ച് സ്ട്രോ ഇട്ട് കുടിക്കുമായിരുന്നു,’ സുരാജ് പറഞ്ഞു.

ആ കാലത്ത് വീട്ടിൽ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി മാത്രമായിരുന്നുവെന്നും ജഗപൊഗ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് കടം വാങ്ങിയും കൈവശമുണ്ടായിരുന്ന പണവും ചേർത്തുമാണ് കളർ ടിവി വാങ്ങിയതെന്നും താരം പറഞ്ഞു. പരിപാടി കാണാൻ അയൽക്കാരും വീട്ടിലെത്തിയിരുന്നു. എല്ലാവരുടെയും പ്രതികരണം ഒളിഞ്ഞുനിന്ന് നോക്കുകയായിരുന്നുവെന്ന് സുരാജ് പറഞ്ഞു.

‘നരേന്ദ്രപ്രസാദ് വന്നു എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ ചിരിക്കുന്നുണ്ടായിരുന്നു, പക്ഷേ എന്നെ നോക്കുന്നില്ല. ഞാൻ അമ്മയോട് ചോദിച്ചു, ‘അമ്മേ, ആളെ മനസിലായോ?’ അമ്മ പറഞ്ഞു, ‘സിനിമയിലെ നരേന്ദ്രപ്രസാദ്.’ പിന്നെ ഞാൻ ചോദിച്ചു, ‘അഭിനയിച്ചതാരാണെന്ന് മനസിലായോ?’ അതിന് അമ്മ പറഞ്ഞത്, ‘അതാര് മക്കളെ മനസിലായില്ല’ എന്നായിരുന്നു,’ സുരാജ് പറഞ്ഞു.

സ്വന്തം അമ്മയ്ക്ക് പോലും തിരിച്ചറിയാൻ കഴിയാതിരുന്നത് വലിയ നിരാശയുണ്ടാക്കിയെന്നും താരം തുറന്നു പറഞ്ഞു. ‘ഞാൻ തകർന്നു. അമ്മയ്ക്കു പോലും സ്വന്തം മകനെ തിരിച്ചറിയാൻ പറ്റിയില്ല, എനിക്ക് നിരാശ തോന്നി. ഇനി അഭിനയിക്കില്ലെന്ന് ധന്വന്തരി സാറിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം വിട്ടില്ല. അടുത്ത എപ്പിസോഡിൽ ദാദാസാഹിബ് സിനിമയിലെ മമ്മൂട്ടിയെ അനുകരിക്കാൻ പറഞ്ഞു. കുറച്ച് നാൾക്കു ശേഷം ആദ്യ കഥാപാത്രമായ ‘പ്രബുദ്ധൻ’ തന്നു,’ സുരാജ് കൂട്ടിച്ചേർത്തു.

Content Highlight: Suraj shares his early memories of acting

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.