| Saturday, 8th February 2025, 4:06 pm

എന്നേക്കാള്‍ പ്രായമുള്ള ആ നടിയുടെ അമ്മ വേഷം ചെയ്തപ്പോള്‍ വയസറിയാതിരിക്കാന്‍ ലോങ് ഷോട്ടാണ് എടുത്തത്: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷമിറങ്ങി വലിയ വിജയമായ ചിത്രമാണ് എ.ആര്‍.എം. ടൊവിനോ നായകനായെത്തിയ സിനിമയില്‍ മാണിക്യം എന്ന നായിക കഥാപാത്രമായെത്തിയത് സുരഭി ലക്ഷ്മിയാണ്. മാണിക്യത്തിന്റെ വാര്‍ധക്യം അവതരിപ്പിച്ചതും സുരഭി തന്നെയാണ്. മാണിക്യത്തിന്റെ മകളായി എ.ആര്‍.എമ്മില്‍ എത്തിയത് നടി രോഹിണിയായിരുന്നു.

വൃദ്ധകഥാപാത്രം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി ലക്ഷ്മി. എ.ആര്‍.എമ്മില്‍ മകളായി അഭിനയിച്ചത് തന്നെക്കാള്‍ പ്രായക്കൂടുതലുള്ള രോഹിണിയാണെന്നും ഒന്നിച്ചുള്ള സീനില്‍ പ്രായവ്യത്യാസം അറിയാതിരിക്കാന്‍ ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചതെന്നും സുരഭി പറഞ്ഞു.

‘മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പാണ്. റിലീസായത് അടുത്തിടെ ആയിരുന്നു എന്നുമാത്രം. എ.ആര്‍.എമ്മില്‍ മാണിക്യത്തിന്റെ വാര്‍ധക്യവും ചെയ്തു. മാണിക്യത്തിന്റെ വാര്‍ധക്യകാലം ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണ്.

പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ചെയ്യുന്ന മേക്കപ്പ് എ.സി ഇല്ലാത്ത സാഹചര്യത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ പ്രയാസമാണ്. എ.ആര്‍.എമ്മിലെ വാര്‍ധക്യ സീന്‍ ഔട്ട് ഡോറായിരുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണത് ചിത്രീകരിച്ചത്. പുറത്തെ ചൂടില്‍ മേക്കപ്പ് വരണ്ട് ഇളകിവരുമായിരുന്നു.

മകളായി അഭിനയിക്കുന്നത് എന്നെക്കാള്‍ പ്രായമുള്ള രോഹിണി ചേച്ചിയാണല്ലോ. ഒന്നിച്ചുള്ള സീനില്‍ പ്രായവ്യത്യാസം അറിയാതിരിക്കാന്‍ ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചത്.

എന്റെ പ്രായത്തിലുള്ളതോ അതിനെക്കാള്‍ അഞ്ചോ പത്തോ വയസ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. അതിലും കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. അത്തരം റോളുകളില്‍ കുടുങ്ങാന്‍ താത്പര്യമില്ല,’ സുരഭി ലക്ഷ്മി പറയുന്നു.

Content highlight: Surabhi Lakshmi talks about acting aged characters

We use cookies to give you the best possible experience. Learn more