സംവരണവിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കാം: സുപ്രീം കോടതി
India
സംവരണവിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കാം: സുപ്രീം കോടതി
അമര്‍നാഥ് എം.
Tuesday, 6th January 2026, 1:10 pm

ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവയില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനറല്‍ വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കട്ട് ഓഫ് മാര്‍ക്ക് നേടിയാല്‍ അവരെ ജനറല്‍ വിഭാഗ തസ്തികകളിലേക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇവര്‍ക്ക് ജനറല്‍ ക്വാട്ടയില്‍ തന്നെ നിയമനം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

രാജസ്ഥാനിലെ കോടതികളിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റില്‍ ജനറല്‍ വിഭാഗക്കാരെക്കാള്‍ മികച്ച പ്രകടനം സംവരണവിഭാഗക്കാര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ അവരുടെ കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് വന്ന കേസിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജെ. മാസിഹ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജനറല്‍ കാറ്റഗറി തസ്തികകളിലേക്ക് പരിഗണന തേടുന്ന സംവരണ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായിട്ടായിരുന്നു രാജസ്ഥാന്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.

‘ഓപ്പണ്‍ എന്ന വാക്ക് ഓപ്പണെന്നല്ലാതെ മറ്റൊന്നും സൂചിപ്പിക്കുന്നില്ല. ജനറല്‍ വിഭാഗം എന്നത് ആര്‍ക്കെങ്കിലുമുള്ള ക്വാട്ടയല്ല. ഒരാനുകൂല്യവും ലഭിക്കാതെ ജനറല്‍ വിഭാഗക്കാരെക്കാള്‍ മികച്ച പ്രകടനം സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥി നടത്തിയാല്‍ അവരെ ജനറല്‍ വിഭാഗത്തില്‍ തന്നെ പരിഗണിക്കണം’ ദീപാങ്കര്‍ ദത്ത തന്റെ വിധിപ്രസ്താവനയില്‍ പറഞ്ഞു.

1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കേസില്‍ ദീപാങ്കര്‍ മേത്ത വിധി പ്രഖ്യാപിച്ചത്. 2023 മേയിലാണ് രാജസ്ഥാനിലെ വിവിധ കോടതികളിലേക്കുള്ള തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ നടന്നത്.

അന്ന് നടന്ന എഴുത്തുപരീക്ഷയില്‍ പട്ടികജാതി, മറ്റ് പിന്നാക്കവിഭാഗം (ഒ.ബി.സി), ഏറ്റവും പിന്നാക്കവിഭാഗം (എം.ബി.സി), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) എന്നീ സംവരണവിഭാഗങ്ങളിലെ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തിലെ കട്ട് ഓഫിനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു. പൊതുവേ മികച്ചപ്രകടനം നടത്തിയ അവരുടെ കട്ട് ഓഫ് മാര്‍ക്ക് ജനറല്‍വിഭാഗത്തിന്റേതിനെക്കാള്‍ മുകളിലായി.

ഇതോടെ ജനറല്‍ കട്ട് ഓഫിനെക്കാള്‍ കൂടുതല്‍ ലഭിക്കുകയും തങ്ങളുടെ സംവരണ വിഭാഗത്തിലെ കട്ട് ഓഫിനെക്കാള്‍ കുറവ് ലഭിക്കുകയും ചെയ്ത് പട്ടികയില്‍ നിന്ന് പുറത്തായ സംവരണ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉദ്യോഗാര്‍ത്ഥികളെ ജനറലായിത്തന്നെ പരിഗണിക്കണമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ഹരജി സമര്‍പ്പിച്ചത് ഹൈക്കോടതി അഡ്മിനിസ്‌ട്രേഷനും രജിസ്ട്രാറുമായിരുന്നു.

Content Highlight: Supreme Court Verdict on Reservation Cadidtes getting cut off marks of General Category

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം