ന്യൂദല്‍ഹി: ന്യൂനപക്ഷ സംവരാണാനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി മാത്രം മതം മാറുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി.
ന്യൂനപക്ഷാനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി മാത്രം ഹരിയാനയിലെ ഉന്നത ജാതി പശ്ചാത്തലത്തിലുള്ള വ്യക്തികള്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്.
ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെയാണ് അനുവദിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ബുദ്ധമത വിശ്വാസിയാണെന്ന് കാണിച്ച് ന്യൂനപക്ഷ വിദ്യാര്‍ത്ഥിയായി പ്രവേശനം നല്‍കണമെന്ന അവകാശവാദമുന്നയിച്ച ഹരിയാനയിലെ ഹിസാര്‍ നിവാസിയായ നിഖില്‍ കുമാര്‍ പൂനിയ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്.
വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹരജിക്കാരന്റെ പശ്ചാത്തലത്തെ കുറിച്ചും ചോദ്യം ചെയ്തു.
‘നിങ്ങള്‍ പൂനിയയാണോ? നിങ്ങള്‍ ഏത് ന്യൂനപക്ഷമാണ്? ഇപ്പോള്‍ ഞാനത് തുറന്ന് ചോദിക്കട്ടെ, നിങ്ങള്‍ ഏത് പൂനിയയാണ്,’
ജാട്ട് പൂനിയ വിഭാഗത്തില്‍പ്പെട്ടയളാണെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്റെ മറുപടി.
പിന്നെയെങ്ങനെയാണ് അദ്ദേഹത്തിന് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ കഴിയുകയെന്ന് കോടതി തിരിച്ച് ചോദിച്ചതോടെ ഹരജിക്കാരന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ അവകാശമാണെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.
എന്നാല്‍ ഇതൊരു പുതിയതരം തട്ടിപ്പാണല്ലോയെന്ന് പറഞ്ഞ കോടതി യാഥാര്‍ത്ഥ ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഇതിലൂടെ നഷ്ടപ്പെടുമെന്നും നിരീക്ഷിക്കുകയും ഹരജി തളളുകയും ചെയ്തു.
ഹരിയാനയില്‍ മതന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.
അത്തരം സാഹചര്യങ്ങളില്‍ ഉയര്‍ന്ന ജാതിയിലുള്ള ഒരു ജനറല്‍വിഭാഗ ഉദ്യോഗാര്‍ത്ഥിക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ അനുവാദമുണ്ടോയെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു.
Content Highlight: Supreme Court expresses concern over religious conversion just to get minority reservation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.