നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിയ്ക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകും? ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി
Kerala
നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിയ്ക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകും? ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി
രാഗേന്ദു. പി.ആര്‍
Monday, 12th January 2026, 6:42 pm

ന്യൂദല്‍ഹി: നിലമ്പൂരില്‍ പുതിയ മുസ്‌ലിം പള്ളിയുടെ നിര്‍മാണം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി.

നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിയ്ക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. വാണിജ്യ കെട്ടിടം പള്ളിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോ എന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഹൈക്കോടതി വിധി ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.

വാണിജ്യ കെട്ടിടം പള്ളിയാക്കണമെന്ന നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘത്തിന്റെ അപേക്ഷ ജില്ലാ കളക്ടര്‍ നേരത്തെ തള്ളിയിരുന്നു.

ഈ കെട്ടിടമിരിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അപേക്ഷ നിരസിച്ചത്.

ഇതിനെതിരെ നൂറുല്‍ ഇസ്‌ലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കളക്ടറുടെ തീരുമാനം ശരിവെക്കുകയാണ് ഉണ്ടായത്. 2022 ഓഗസ്റ്റില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേരളത്തില്‍ ആശുപത്രികളേക്കാളും വിദ്യാലയങ്ങളേക്കാളും കൂടുതല്‍ ആരാധനാലയങ്ങളാണെന്നാണ് ഹൈക്കോടതിയുടെ അന്നത്തെ നിരീക്ഷണം. ഓരോ മുക്കിലും മൂലയിലും പള്ളികള്‍ വേണമെന്ന് ഖുര്‍ആന്‍ പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

മാത്രമല്ല, അനധികൃത ആരാധനാലയങ്ങള്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും ഉണ്ടായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കളക്ടര്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം ഹരജിയില്‍ വിശദമായ വാദം കേള്‍ക്കും.

നിലമ്പൂര്‍ അമരമ്പലം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം.

Content Highlight: Supreme Court criticizes Highcourt verdict that stopped construction of new mosque in Nilambur

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.