കോടതി ദൃശ്യങ്ങള്‍ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി
India
കോടതി ദൃശ്യങ്ങള്‍ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി
റെന്വര്‍ പി
Friday, 24th July 2026, 5:09 pm

ന്യൂദല്‍ഹി: കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങളോ ഓഡിയോയോ മുന്‍കൂര്‍ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലോ മറ്റേതെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലോ അപ്‌ലോഡ് ചെയ്യുന്നത് വിലക്കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ജസ്റ്റിസ് വി മോഹന എന്നിവരുടെ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

‘ജുഡീഷ്യല്‍ നടപടികളുടെ ഓഡിയോ/വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ ബന്ധപ്പെട്ട ഹൈക്കോടതികളുടെ രജിസ്ട്രാര്‍ ജനറലിന്റെയോ സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ, മുറിച്ചെടുക്കുകയോ പരിഷ്‌കരിക്കുകയോ പ്രചരിപ്പിക്കുകയോ പോസ്റ്റ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ മൊണിറ്റൈസ് ചെയ്യുകയോ ചെയ്യാന്‍ പാടില്ല.’ എന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഇടക്കാല നിര്‍ദേശം കോടതി നടപടികളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തക ഹര്‍ഷിത ഗ്രോവര്‍ ഫയല്‍ ചെയ്ത പൊതു താത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇടക്കാല ഉത്തരവ് പരിഗണിച്ചത്. കോടതി നടപടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഹരജി.

കോടതി നടപടികള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും ഇത് നീതിന്യായ സംവിധാനങ്ങളില്‍ ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നും ഹരജിയില്‍ പറയുന്നു.

ഈ വിഷയത്തില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതികളിലെ ലൈവ് സ്ട്രീമിങിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് ഹൈക്കോടതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഡാറ്റയെ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങ് സംബന്ധിച്ച് പുനരാലോചന വേണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.

‘ഡാറ്റയെ നിയന്ത്രിക്കുക എന്നത് ഡിജിറ്റല്‍ ഇടങ്ങളിലെ വലിയ വെല്ലുവിളിയാണ്… ലൈവ് സ്ട്രീമിന്റെ കാര്യത്തില്‍ തന്നെ നിയന്ത്രണം വേണം. അതുമായി ബന്ധപ്പെട്ട ലഭ്യതയില്‍ നിയന്ത്രണം വേണം,’ ബാഗ്ചി വ്യക്തമാക്കി.

ലൈവ് സ്ട്രീമിങ്ങ് കാണേണ്ടവര്‍ കാരണം വ്യക്തമാക്കണം. ലൈവ് സ്ട്രീമിങ്ങ് കോടതിയില്‍ നിന്നുള്ള 24/7 എന്റര്‍ടൈന്‍മെന്റ് ചാനലാവരുതെന്നും ബാഗ്ചി അഭിപ്രായപ്പെട്ടു.

ലൈവ് സ്ട്രീമില്‍ നിന്ന് ചില ക്ലിപ്പുകള്‍ മനപ്പൂര്‍വം മുറിച്ചെടുത്ത് കോടതി നടപടികളെ വളച്ചൊടിച്ച് ചില പ്രത്യേക വ്യാഖ്യാനങ്ങള്‍ നിര്‍മിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിങ് വഴിയുള്ള വ്യാജവിവര പ്രചാരണം വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Supreme Court Bans Uploading & Sharing Of Audio-Video Recordings Of Court Hearings Without Prior Permission

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.