| Friday, 26th September 2025, 3:30 pm

ഗ്രേസ്മാര്‍ക്കും അറ്റന്റന്‍സും നല്‍കി എം.എസ്.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ; ഫാറൂഖില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിനെ പിന്തുണച്ചുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ ഫാറൂഖ് കോളേജില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രതിഷേധം.

അറ്റന്‍ഡന്‍സ് ഇല്ലാത്ത എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിച്ച മാനേജ്‌മെന്റിനെതിരെയാണ് ഇരുവിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധിക്കുന്നത്. ക്യാമ്പസിനുള്ളില്‍ പ്രതിഷേധം തുടരുന്നതായാണ് വിവരം.

മറ്റു വിദ്യാര്‍ത്ഥികളുടെ കണ്ണുവെട്ടിച്ച് അറ്റന്റന്‍സ് നല്‍കിയും എന്‍.എസ്.എസിന്റെ ഗ്രേസ് മാര്‍ക്ക് കൊടുത്ത് സപ്ലി ഒഴിവാക്കിയും എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷനുകള്‍ സ്വീകരിച്ചുവെന്നാണ് വിദ്യാര്‍ത്ഥി സംഘടനകൾ ആരോപിക്കുന്നത്.

‘അധികാരികളുടെ കൂട്ടുപിടിച്ച് വിദ്യാര്‍ത്ഥികളുടെ കണ്‍വെട്ടിച്ച് അറ്റന്റന്‍സ് കയറ്റാനാവില്ല… വിദ്യാര്‍ത്ഥികളുടെ അവകാശമായിട്ടുള്ള ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഈ ക്യാമ്പസിലെ ഓരോ കെ.എസ്.യുകാരനും ജീവന്‍ കൊടുത്തും ജനാധിപത്യത്തെ പ്രതിരോധിക്കും,’ കെ.എസ്.യു പ്രസ്താവനയില്‍ പറഞ്ഞു.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആരോപണങ്ങളുയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയതോടെ ‘ഫാറൂഖ് കോളേജ് സ്റ്റുഡന്റസ് യൂണിയന്‍ ഇലക്ഷന്‍’ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി മാനേജ്‌മെന്റ് ഇന്നലെ (വ്യാഴം) അറിയിച്ചിരുന്നു.

എന്നാല്‍ ഇന്ന് (വെള്ളി) മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.


ഫാറൂഖ് കോളേജ് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റും എം.എസ്.എഫും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.


‘ഫാറൂഖ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്ത എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിച്ച മാനേജ്‌മെന്റ് – എം.എസ്.എഫ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധിക്കുക,’ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളേജ് പ്രസ്താവനയില്‍ പറഞ്ഞു.

അന്യായമായി സ്വീകരിച്ച മുഴുവന്‍ നോമിനേഷനുകളും തള്ളിയതിനുശേഷം മാത്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Support for MSF candidates by giving grace marks and attendance; KSU-SFI protest in Farooq

We use cookies to give you the best possible experience. Learn more