ഇന്ത്യന്‍ സിനിമയുടെ കൊമേഴ്‌സ്യല്‍ റീച്ച് ലോകസിനിമക്ക് മുന്നില്‍ വരച്ചിട്ട സംവിധായകനാണ് എസ്.എസ്. രാജമൗലി. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവമാകണമെന്ന നിര്‍ബന്ധത്തോടെ സമീപിക്കുന്ന രാജമൗലി ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ്. വാരണാസിയിലൂടെ പാന്‍ വേള്‍ഡ് ഹിറ്റാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
സംവിധാനം ചെയ്ത 12 സിനിമകളും സൂപ്പര്‍ഹിറ്റാക്കിയ രാജമൗലിയെക്കുറിച്ച് സിനിമാലോകത്ത് നിലനില്‍ക്കുന്ന അന്ധവിശ്വാസമാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഒരുവട്ടം രാജമൗലിയുമായി ഒന്നിച്ച നടന്മാര്‍ക്ക് പിന്നീട് ഹിറ്റ് കിട്ടാന്‍ പ്രയാസമാണെന്ന അന്ധവിശ്വാസം ഇന്‍ഡസ്ട്രിയില്‍ ശക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റാം ചരണ്‍ നായകനായ പെദ്ദി.
ആര്‍.ആര്‍.ആര്‍ എന്ന ഗ്ലോബല്‍ ഹിറ്റിന് ശേഷം റാം ചരണ്‍ നായകനായ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. ഇതാദ്യമായല്ല രാജമൗലിയുടെ നായകന്മാര്‍ക്ക് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വരുന്നത്. ആദ്യചിത്രമായ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ നായകനായത് ജൂനിയര്‍ എന്‍.ടി.ആറാണ്. സ്റ്റുഡന്റ് നമ്പര്‍ വണ്ണിന് ശേഷം താരക് നായകനായ സുബ്ബു ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി.
രാജമൗലിയുടെ തൊട്ടടുത്ത ചിത്രമായ സിംഹാദ്രിയിലും ജൂനിയര്‍ എന്‍.ടി.ആറായിരുന്നു നായകന്‍. ഈ ചിത്രത്തിന് ശേഷം പുറത്തുവന്ന ആന്ധ്രാവാലയും പരാജയമായി മാറി. മൂന്നാമത്തെ ചിത്രമായ സൈയില്‍ നായകനായ നിതിന് പിന്നീട് പരാജയങ്ങളുടെ പരമ്പരയായിരുന്നു. ബാഹുബലിക്ക് മുമ്പ് പ്രഭാസുമൊത്ത് രാജമൗലി ഒന്നിച്ച ചിത്രമായിരുന്നു ഛത്രപതി. ബ്ലോക്ക്ബസ്റ്ററായി മാറിയ ഛത്രപതിക്ക് ശേഷം പ്രഭാസും പരാജയം രുചിച്ചു. വന്‍ ബജറ്റിലൊരുങ്ങിയ പൗര്‍ണമി ഫ്‌ളോപ്പായി മാറി.
രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ വിക്രമാര്‍ക്കുടു സമ്മാനിച്ചത് രാജമൗലിയായിരുന്നു. ഇന്‍ഡസ്ട്രി ഹിറ്റായ ഈ ചിത്രത്തിന് ശേഷം രവി തേജയും ഫ്‌ളോപ്പുകള്‍ നേരിട്ടു. ഒരിക്കല്‍ കൂടി ജൂനിയര്‍ എന്‍.ടി.ആറുമായി ഒന്നിച്ച യമദോങ്ക സൂപ്പര്‍ഹിറ്റായി മാറി. എന്നാല്‍ ഈ ചിത്രത്തിന് ശേഷവും താരകിനെ നിര്‍ഭാഗ്യം പിന്തുടര്‍ന്നു. കാന്ത്രി വന്‍ പരാജയമായിരുന്നു.
കോമഡി താരമായ സുനിലിനെ നായകനാക്കി ഒരുക്കിയ മര്യാദേ രാമണ്ണ ബ്ലോക്ക്ബസ്റ്ററായി മാറി. എന്നാല്‍ സുനില്‍ പിന്നീട് നായകനായ ചിത്രം ഫ്‌ളോപ്പായിരുന്നു. റാം ചരണൊപ്പം ആദ്യമായി കൈകോര്‍ത്ത മഗധീര ഇന്‍ഡസ്ട്രി ഹിറ്റായി ചരിത്രം കുറിച്ചു. എന്നാല്‍ തൊട്ടടുത്ത ചിത്രത്തില്‍ ചരണ് ചുവടുപിഴച്ചു. ഈഗക്ക് ശേഷം കിച്ചാ സുദീപ്, നാനി എന്നിവരുടെ ചിത്രങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. സാഹോ, ആദിപുരുഷ്, രാധേ ശ്യാം എന്നിങ്ങനെ ബോക്‌സ് ഓഫീസില്‍ ബോംബിട്ട് കളിക്കുകയായിരുന്നു പ്രഭാസ്. ആര്‍.ആര്‍.ആറിന് ശേഷം ജൂനിയര്‍ എന്‍.ടി.ആറിന്റെ ദേവര പ്രതീക്ഷിച്ച ഹിറ്റായില്ല. റാം ചരണിന്റെ ഗെയിം ചേഞ്ചറും പെദ്ദിയും പരാജയമായതോടെ രാജമൗലി ശാപം ശരിക്കും ഉള്ളതാണോ എന്ന സംശയത്തിലാണ് സിനിമാലോകം.
Content Highlight: Superstitious believe about S S Rajamouli viral after Peddi release