ഹോളിവുഡ്: ജേസൺ മാമോവ നായകനായ ഹോളിവുഡ് സൂപ്പർഹീറോ ചിത്രം “അക്വാമാന്” പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം. ആദ്യ കളക്ഷനിൽ ഹോളിവുഡിലെ ഏറ്റവും ചിലവേറിയ സൂപ്പർഹീറോ ചിത്രം”അവഞ്ചേഴ്‌സ്:ഇൻഫിനിറ്റി വാറി”നെ “അക്വാമാൻ” മറികടന്നു. ജെയിംസ് കാമറൂണിന്റെ “അവതാറി”നോടും ക്രിസ്റ്റഫർ നോളന്റെ “ദ ഡാർക്ക് നൈറ്റി”നോടുമാണ് ചിത്രത്തെ നിരൂപകർ താരതമ്യപ്പെടുത്തുന്നത്.
സമുദ്രത്തിൽ ജീവിച്ച്, മൽസ്യങ്ങളോടും മറ്റും സംസാരിക്കാൻ കഴിവുള്ള, കടൽജീവികളുടെ കഴിവുകൾ നേടിയ ആർതർ കറി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അതിമാനുഷനായാണ് മൊമോവ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആംബർ ഹേർഡ്, പാട്രിക്ക് വിൽസൺ, നിക്കോൾ കിഡ്മാൻ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തിൽ മൊമോവയോടൊപ്പം അണിനിരക്കുന്നുണ്ട്.
അറ്റ്‌ലാൻഡിയൻ കടലിലെ റാണിയും ദേവതയുമായ അമ്മയ്ക്കും മനുഷ്യനായ അച്ഛനും ജനിച്ച അർദ്ധദൈവമായ ആർതർ കറി/അക്വാമാൻ തന്റെ ജന്മദേശത്തെ ദുഷ്ടശക്തികളിൽ നിന്നും രക്ഷപെടുത്താൻ പുറപ്പെടുന്നതിന്റെയും അതുവഴി തന്റെ ജന്മോദ്ദേശത്തെ കുറിച്ച് ബോധവാനാകുന്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന് വേണ്ടി കൂടിയ തോതിൽ കലോറികൾ അടങ്ങിയ ഡയറ്റാണ് മൊമോവ സ്വീകരിച്ചത്. അതിനോടൊപ്പം തന്നെ സൂപ്പർഹീറോയായി മാറാൻ ജിമ്മിലെ നിരന്തര പരിശീലനവും ജേസണെ സഹായിച്ചു. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ മികച്ചതാക്കാൻ താൻ ഏറെ കഷ്ടപെട്ടുവെന്നു ജേസൺ മോമോവ പറയുന്നു. “ഗെയിം ഓഫ് ത്രോൺസ്” സീരിസിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ജേസൺ മോമോവ.
“ഞാനിതുവരെ സ്റ്റണ്ട് ഡബിൾസിനെ ഉപയോഗിച്ചിട്ടില്ല. പക്ഷെ ചിത്രത്തിൽ നിരവധി സ്റ്റണ്ട് സീനുകൾ ഉണ്ടായിരുന്നത് കൊണ്ട് അത് വേണ്ടി വന്നു.” മോമോവ പറഞ്ഞു.
ചിത്രത്തിൽ “പ്രിൻസസ് മേര” ആയി എത്തുന്ന ആംബർ ഹേർഡും ചില അനുഭങ്ങൾ പങ്കുവെച്ചു. താൻ സങ്കീർണ്ണരും വ്യത്യസ്തരുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെയാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതും. മിസ്.ഹേർഡ് പറഞ്ഞു.