ശബരിമല പരാമര്‍ശം: ആ വാക്ക് തെറ്റായിപ്പോയി, എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: സണ്ണി എം. കപിക്കാട്
Kerala
ശബരിമല പരാമര്‍ശം: ആ വാക്ക് തെറ്റായിപ്പോയി, എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: സണ്ണി എം. കപിക്കാട്
റെന്വര്‍ പി
Friday, 28th August 2026, 3:42 pm

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഉപയോഗിച്ച ഒരു വാക്ക് തെറ്റായിപ്പോയെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ താന്‍ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരു വാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നുവെന്ന് സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ആ വാക്ക് ഉപയോഗിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സ്ത്രീകളെ കണ്ടാല്‍ തകര്‍ന്നു പോകുന്നതാണോ അയ്യപ്പന്റെ ബ്രഹ്‌മചര്യം എന്ന് തോന്നും ഇവര്‍ പറയുന്നത് കേട്ടാല്‍ എന്നതാണ് ഞാന്‍ പറഞ്ഞ പരാമര്‍ശം. അതിനകത്ത് ബലാത്സംഗം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത് തെറ്റായി പോയി,’ സണ്ണി എം കപിക്കാട് പറഞ്ഞു.

ആ വാക്ക് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. മാത്രവുമല്ല അതില്‍ ആത്മാര്‍ത്ഥമായ ഖേദം മലയാളികളോട് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. അത്തരം കാര്യത്തില്‍ ഇനി ജാഗ്രത പുലര്‍ത്താനേ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘ബാക്കിയുള്ള എന്റെ വിമര്‍ശനങ്ങള്‍. അത് സത്യമായി തന്നെ തുടരുന്നു. അടിച്ചുമാറ്റിയതില്‍ പ്രതിപട്ടികയില്‍ വന്നവരെല്ലാം അയ്യപ്പന്റെ സംരക്ഷകരാണെന്ന് കൂടി നമ്മള്‍ കാണണം. തന്ത്രി, പോറ്റി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് അയ്യപ്പന്റെ സംരക്ഷകര്‍,’ സണ്ണി എം. കപിക്കാട് കൂട്ടിച്ചേര്‍ത്തു.

അമ്പലങ്ങളെ കേന്ദ്രീകരിച്ച്, വിശ്വാസത്തെ കേന്ദ്രീകരിച്ച് സംഘപരിവാര്‍ ശക്തികള്‍ വലിയ നുണപ്രചാരണങ്ങള്‍ നടത്തുന്നു എന്നതായിരുന്നു തന്റെ വിമര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ഹിന്ദുത്വ രാഷ്ട്രീയം, ഹിന്ദു രാഷ്ട്രത്തെ നിര്‍മ്മിക്കാനുള്ള രാഷ്ട്രീയം സ്ഥാപിക്കുന്നു എന്നതായിരുന്നു തന്റെ ഒരു വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

‘അതിന്റെ ഭാഗമായിട്ട് അനേക നുണകള്‍ അവര്‍ പറയുന്നുണ്ട്. അതില്‍ ഒരു നുണയാണ് ഈ അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്‌മചര്യത്തെ കുറിച്ച് ഇവര്‍ പ്രചരിപ്പിക്കുന്ന കഥകള്‍. ആ കഥയില്‍ അയ്യപ്പന്റെ സന്നിധിയിലേക്ക് 10 വയസ്സു മുതല്‍ 50 വയസ്സുള്ള കുട്ടികള്‍ കയറാന്‍ പാടില്ല. എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ നൈഷ്ടിക ബ്രഹ്‌മചര്യമാണെന്ന് അവര്‍ പറയും.

മാളികപ്പുറത്തമ്മയെ പുറകിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മാളികപ്പുറത്തമ്മയെ നേരിട്ട് കാണാന്‍ പറ്റില്ല. നൈഷ്ടിക ബ്രഹ്‌മചര്യമാണെന്ന് പറയും. അപ്പോ പ്രസംഗമധ്യ ഞാന്‍ പറഞ്ഞു ഈ സ്ത്രീകളെ കണ്ടാല്‍ തകര്‍ന്നു പോകുന്ന താണോ അയ്യപ്പന്റെ ബ്രഹ്‌മചര്യം എന്ന് തോന്നും ഇവര്‍ പറയുന്നത് കേട്ടാല്‍. ഇതാണ് ഞാന്‍ പറഞ്ഞ പരാമര്‍ശം,’ സണ്ണി എം. കപിക്കാട് പറഞ്ഞു.

ഇദ്ദേഹം അയ്യപ്പന്‍ മാളികപ്പുറത്ത് അമ്മയെ കണ്ടാല്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് പെരുമാറും എന്നാണ് ഇവര്‍ പറയുന്നതെന്ന് കേട്ടാല്‍ തോന്നുക എന്നതായിരുന്നു പരാമര്‍ശം. അപ്പോ ഞാന്‍ ശബരിമല അയ്യപ്പന്‍ മാളികപ്പുറം തമ്മയെ ബലാല്‍സംഘം ചെയ്തു എന്ന് പറഞ്ഞു എന്നാണ് പ്രചാരണം. അതിനകത്ത് ബലാല്‍ സംസംഘം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത് തെറ്റായി പോയെന്നും അദ്ദേഹം പറഞ്ഞു.

ഈ ബലാല്‍സംഘം ബലാല്‍സംഘവീരന്‍ തുടങ്ങിയ പദങ്ങള്‍ ഒന്നും ആ സമയത്ത് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത്തരം കാര്യത്തില്‍ ഇനി ജാഗ്രത പുലര്‍ത്താനേ പറ്റുള്ളൂ. ബാക്കിയുള്ള എന്റെ വിമര്‍ശനങ്ങള്‍ അത് സത്യമായി തന്നെ തുടരുന്നു. ഈ അയ്യപ്പനുമായി ബന്ധപ്പെട്ട ഇത്തരം അപസര്‍പ്പക കഥകള്‍ പ്രചരിപ്പിക്കുകയും കൂടെ അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റുകയും അടിച്ചു മാറ്റിയതില്‍ പ്രതിപട്ടികയില്‍ വന്നവരെല്ലാം അയ്യപ്പന്റെ സംരക്ഷകരാണെന്ന് കൂടി നമ്മള്‍ കാണണമെന്നും സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി.

‘അവര്‍ തന്നെയാണ് ഇത് അടിച്ചു മാറ്റുന്നത് അവര്‍ തന്നെയാണ് ഈ നുണകളും പ്രചരിപ്പിക്കുന്നത് അതിന് കൃത്യമായ ഉദ്ദേശമുണ്ട്. അത് പ്രതിരോധിക്കപ്പെടേണ്ടതാണ്.

ഇത് ഞാന്‍ പറയാനുള്ള ഒരു സന്ദര്‍ഭം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സാമ്പത്തികമായി പ്രതിസന്ധിയില്‍ ആയതുകൊണ്ട് അതിനെ രക്ഷിക്കാന്‍ അതിനകത്ത് ഒരു അമ്പലം പണിയാമെന്ന് പറഞ്ഞത് അത് അവിടുത്തെ വിസിയാണ്. അങ്ങനെ അമ്പലം പണിതാണോ ഈ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത്. അതില്‍ ഒരു ഗൂഢോദേശമുണ്ട്. അത് തെറ്റായ കാര്യമാണ്,’ സണ്ണി എം. കപിക്കാട് പറഞ്ഞ്.

‘ഭക്തജനങ്ങളോടോ അയ്യപ്പന്റെ ഭക്തരോടോ ഒന്നും ഞാന്‍ ഒരു ഒരു തരത്തിലുമുള്ള അതിക്രമവും കാണിച്ചിട്ടില്ല. അവരുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഇവര്‍ തിരിച്ചറിയണം എന്നുള്ളതാണ് എന്റെ താല്പര്യം. അത് പറഞ്ഞപ്പോള്‍ ഇങ്ങനെ ഒരു വാക്ക് അതിനകത്ത് വന്നുപോയി. അതിനകത്ത് എനിക്ക് ഖേദമുണ്ട്. അല്ലാതെ എന്റെ നിലപാടിലോ വിമര്‍ശനത്തിലോ എന്തെങ്കിലും അപകടം ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

മതകലഹം ഉണ്ടാക്കാന്‍ഒന്നും പരിശ്രമിക്കാത്ത ഒരാളാണ് ഞാന്‍. ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളത് ശരിയാണ്. ആ അഭിപ്രായത്തില്‍ തെറ്റായ ചില പദങ്ങള്‍ കടന്നുകൂടി. അതില്‍ എനിക്ക് ഖേദമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്,’ സണ്ണി എം. കപിക്കാട് വ്യക്തമാക്കി.

‘ഞാന്‍ അങ്ങനെ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദോഷമുണ്ടാകുന്ന വിധമുള്ള ഒരു കാര്യമല്ല പറഞ്ഞത്. അവരെ യഥാര്‍ത്ഥത്തില്‍ വന്‍ രീതിയില്‍ നുണ പറഞ്ഞ് പറ്റിക്കപ്പെടുന്ന ഒരു സാഹചര്യം ഇപ്പോ അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഉണ്ട്.

ഈ അയോധ്യ ക്ഷേത്രത്തില്‍ ഒരു വര്‍ഷത്തിനും ഒരു വര്‍ഷം തികഞ്ഞില്ല അതിനു മുമ്പ് കോടിക്കണക്കിന് രൂപ അടിച്ചുമാറ്റി. ഈ ആള്‍ക്കാരെ ഭയഭക്തി ബഹുമാനത്തോടുകൂടി കൊണ്ടില്‍ കൊടുക്കുന്ന പൈസ അടിച്ചു മാറ്റുന്നവര്‍ അമ്പലത്തിന്റെ സംരക്ഷകര്‍ കൂടി ആകുമ്പോള്‍ ഉണ്ടാകുന്ന ഒരു ദുരന്തത്തെകുറിച്ച് സൂചിപ്പിച്ചന്നേ ഉള്ളൂ. അതില്‍ എനിക്ക് പറ്റിയ തെറ്റിന് ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി എം. കപിക്കാട് ശബരിമലയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരമായിരുന്നു കേസ്.

Content Highlight: Sunny M Kapikkad Response about Remarks on Sabarimala

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.