സുനിലിനോട് മലയാള സിനിമക്ക് വല്ല ദേഷ്യവുമുണ്ടോ? ടര്‍ബോയ്ക്ക് പിന്നാലെ കാട്ടാളനിലും മോശം റോള്‍
Malayalam Cinema
സുനിലിനോട് മലയാള സിനിമക്ക് വല്ല ദേഷ്യവുമുണ്ടോ? ടര്‍ബോയ്ക്ക് പിന്നാലെ കാട്ടാളനിലും മോശം റോള്‍
അമര്‍നാഥ് എം.
Saturday, 30th May 2026, 3:35 pm

കോമഡി റോളില്‍ നിന്ന് ക്യാരക്ടര്‍ റോളിലേക്ക് മാറി ഞെട്ടിക്കുന്നത് മലയാളത്തില്‍ അത്ര പുതുമയുള്ള കാഴ്ചയല്ല. എന്നാല്‍ ടൈപ്കാസ്റ്റിങ്ങിന് പേരുകേട്ട തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഇത്തരം ക്ലീഷേ പൊളിച്ചെഴുതിയ നടനാണ് സുനില്‍. നായകന്റെ സൈഡ്കിക്കായി മാത്രം കാലങ്ങളോളം നിന്ന സുനില്‍ പിന്നീട് നായകനായും വില്ലനായും സിനിമാലോകത്തെ ഞെട്ടിച്ചു.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയിലൂടെയാണ് സുനില്‍ തെലുങ്ക് സിനിമക്ക് പുറത്ത് ശ്രദ്ധ നേടിയത്. ചിത്രത്തിലെ മംഗളം ശ്രീനു എന്ന കഥാപാത്രം സുനിലിന്റെ കരിയറിലെ ബെഞ്ച്മാര്‍ക്കായി മാറി. പുഷ്പക്ക് ശേഷം അന്യഭാഷയില്‍ നിന്ന് ധാരാളം വേഷങ്ങള്‍ താരത്തെ തേടിയെത്തി. തമിഴില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളായിരുന്നു സുനിലിന് ലഭിച്ചത്.

സുനില്‍ Photo: Screen grab/ Mammootty Kampany

എന്നാല്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിനിമകളിലും ഒട്ടും പ്രാധാന്യമില്ലാത്ത വേഷമാണ് താരത്തിന് നല്‍കിയത്. മമ്മൂട്ടി നായകനായ ടര്‍ബോയിലൂടെയായിരുന്നു സുനിലിന്റെ മോളിവുഡ് എന്‍ട്രി. പുഷ്പ, മാവീരന്‍, മാര്‍ക്ക് ആന്റണി എന്നീ സിനിമകള്‍ ചെയ്ത് തിളങ്ങി നിന്നപ്പോഴായിരുന്നു ടര്‍ബോയിലേക്ക് വിളി വന്നത്. ഒട്ടും പ്രാധാന്യമില്ലാത്ത വേഷമായിരുന്നു ടര്‍ബോയിലെ ഓട്ടോ ബില്ല.

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ കാട്ടാളനിലും സ്ഥിതി വ്യത്യസ്തമല്ല. ചിത്രത്തിലെ വില്ലനായ മാരി എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിച്ചത്. പുഷ്പയിലെ മംഗളശീലന്റെ മറ്റൊരു വേര്‍ഷനെന്ന് ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാം. പുഷ്പയില്‍ രക്തചന്ദമാണെങ്കില്‍ കാട്ടാളനില്‍ ആനക്കൊമ്പാണെന്ന വ്യത്യാസം മാത്രം.

സുനില്‍ Photo: Screen grab/ Cubes Entertainment

കഥാപാത്രത്തിന്റെ മാനറിസത്തിനും പെര്‍ഫോമന്‍സിനും വലിയ മാറ്റമില്ല. മോശം കഥാപാത്രം കൊടുത്തതും പോരാഞ്ഞിട്ട് താരത്തെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചതും സംവിധായകന്‍ കാണിച്ച ദ്രോഹമായി കണക്കാക്കാം. ഈയടുത്ത് കണ്ട ഏറ്റവും മോശം കൊറിയോഗ്രഫിയായിരുന്നു കാട്ടാളനിലെ ‘മജാകോ മല്ലിക’ എന്ന ഐറ്റം ഡാന്‍സ്. മാസ് കാണിക്കാനായി എപ്പോഴും സിഗാര്‍ വലിക്കുന്നതും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അരോചകമായി മാറി.

അപാര ടാലന്റും പൊട്ടന്‍ഷ്യലുമുള്ള താരങ്ങളെ വിളിച്ചുവരുത്തി ഒട്ടും പ്രാധാന്യമില്ലാത്ത റോള്‍ നല്‍കുന്നത് അന്യഭാഷ സിനിമയില്‍ മാത്രമായിരുന്നു കണ്ടിരുന്നത്. എന്നാല്‍ അതേ ട്രെന്‍ഡ് ഇപ്പോള്‍ മലയാളത്തിലും തുടങ്ങിയിരിക്കുകയാണ്. ഹൈപ്പ് കയറ്റാനായി അന്യഭാഷാ താരങ്ങളെ കൊണ്ടുവരുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ്പുണ്ടോ എന്നുകൂടെ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്.

Content Highlight: Sunil’s characters in Turbo and Kattalan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം