ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലീഡ്സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. ബെന്‍ ഡക്കറ്റാണ് കളിയിലെ താരം.
സ്‌കോര്‍
ഇന്ത്യ – 471 & 364
ഇംഗ്ലണ്ട് – 465 & 373/5
ടാര്‍ഗറ്റ് – 371
രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങും തോല്‍വിയുടെ കാരണമായിരുന്നു. ആദ്യ ഇന്നിങ്സില്‍ തന്നെ ആറ് ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും രണ്ടാം ഇന്നിങ്‌സില്‍ നേടിയ രണ്ട് വിക്കറ്റ് ഒഴിച്ചാല്‍ ഷര്‍ദുല്‍ താക്കൂറിനും തിളങ്ങാന്‍ സാധിച്ചില്ല. മാത്രമല്ല അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശനും എട്ട് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ തിരിച്ചെത്തിയ കരുണ്‍ നായരും തിളങ്ങാത്തതും ഇന്ത്യയ്ക്ക് വിനയായി.
ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ അടുത്ത ടെസ്റ്റില്‍ ബര്‍മിങ്ഹാമിലേക്ക് പോകുമ്പോള്‍ ഇലവനില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഗവാസ്‌കര്‍. ജസ്പ്രീത് ബുംറ ഫിറ്റാണെങ്കിലും അല്ലെങ്കിലും ഷര്‍ദുല്‍ താക്കൂറിനെ ഇലവനില്‍ നിന്ന് മാറ്റി കുല്‍ദീപ് യാദവിന് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സായ് സുദര്‍ശനും കരുണ്‍ നായരും രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നതാണ് നല്ലതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ജസ്പ്രീത് ബുംറ ഫിറ്റാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, ഷര്‍ദുല്‍ താക്കൂറിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടണം. ബര്‍മിങ്ഹാമിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കും. സായ് സുദര്‍ശനും കരുണ്‍ നായരും രണ്ടാം ടെസ്റ്റില്‍ കളിക്കണം. പക്ഷേ അവര്‍ പരാജയപ്പെട്ടാല്‍ വാഷിങ്ടണ്‍ സുന്ദറിനെ നോക്കുന്നതാണ് നല്ലത്. ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന് മൂല്യം കൂട്ടാന്‍ അദ്ദേഹത്തിന് കഴിയും, കൂടാതെ നന്നായി പന്തെറിയാനും അവന് കഴിയും,’ ഗവാസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി മിന്നും പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സും നിര്‍ണായകമായ രണ്ടാം ഇന്നിങ്സില്‍ 140 പന്തില്‍ 118 റണ്‍സുമാണ് താരം നേടിയത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ബുംറ പതിവ് പോലെ മിരവ് പുലര്‍ത്തി.
രണ്ടാം ഇന്നിങ്സില്‍ 371 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ മിന്നും സെഞ്ച്വറി പ്രകടനത്തിലാണ് വിജയതീരത്ത് എത്തിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്.