ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി യുവതാരം ശുഭ്മന്‍ ഗില്ലിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍ നിലവിലെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റനെത്തുന്നത്. ജൂണ്‍ അവസാനം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് വെള്ള കുപ്പായത്തില്‍ ക്യാപ്റ്റനായി ഗില്‍ കളത്തിലിറങ്ങുക.
രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഗില്ലിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. താരം ക്യാപ്റ്റന്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഗില്ലിന് ടെസ്റ്റില്‍ പരിചയക്കുറവുണ്ടെന്ന് പല സീനിയര്‍ താരങ്ങളും വിമര്‍ശനമുന്നയിച്ചിരുന്നു.
ഇപ്പോള്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഭാവി കൂടി പരിഗണിച്ചുള്ള തീരുമാനമായതിനാല്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് നല്ല തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഗില്‍ മത്സരങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും താരത്തിന് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റന്മാരില്‍ ഒരാളാകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.
‘നമ്മള്‍ ഭാവിയിലേക്ക് കൂടി നോക്കുന്നതിനാല്‍ ഇത് ഒരു നല്ല തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ അവന്‍ 30 ഓളം ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളുവെന്ന് പറഞ്ഞേക്കാം. എന്നാല്‍ പല ഇന്ത്യന്‍ ക്യാപ്റ്റന്‍മാരും ഈ സ്ഥാനത്തെത്തുന്നതിന് മുമ്പ് ഇതിലും കുറവ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ. അവര്‍ ദീര്‍ഘകാലം ടീമില്‍ കളിക്കുകയും ചെയ്തു.
ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ ഗില്‍ കളിയെ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ഈ ഫോര്‍മാറ്റ് അവന്റെ ഹൃദയത്തോട് വളരെ അടുത്താണ്. അതിനാല്‍, ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റന്മാരില്‍ ഒരാളാകാന്‍ ഗില്ലിന് കഴിയുമെന്ന് വിശ്വസിക്കാന്‍ എല്ലാ കാരണവുമുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.
ശുഭ്മന്‍ ഗില്‍ 2020 മുതല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. ഈ ഫോര്‍മാറ്റില്‍ 32 മത്സരങ്ങളില്‍ നിന്ന് 1893 റണ്‍സാണ് താരം നേടിയത്. 35.09 ആവറേജും 59.92 സ്‌ട്രൈക്ക് റേറ്റുമാണ് റെഡ് ബോളില്‍ പുതിയ നായകനുള്ളത്.
Content Highlight: Sunil Gavaskar Talks about Shubhman Gill