സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 302 റണ്‍സാണ് താരം പരമ്പരയില്‍ നിന്ന് സ്വന്തമാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 84ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെത്താന്‍ (100 സെഞ്ച്വറി) വിരാടിന് ഇനി 16 സെഞ്ച്വറികള്‍ ആവശ്യമാണ്. എന്നാല്‍ നിലവില്‍ ഏകദിന ക്രക്കറ്റ് മാത്രം കളിക്കുന്ന വിരാടിന് ഈ നേട്ടത്തിലെത്താന്‍ കഴിയുമോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഇപ്പോള്‍ ഈ ചോദ്യത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
വിരാട് മൂന്ന് വര്‍ഷം കളിച്ചാലും 16 സെഞ്ച്വറികള്‍ മാത്രമാണ് താരത്തിന് റെക്കോഡിലെത്താന്‍ വേണ്ടതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ന്യൂസിലാന്‍ഡിനെതിരെയും വിരാട് സെഞ്ച്വറി നേടുമെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ വിരാടിന് 100 സെഞ്ച്വറികള്‍ നേടുാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
‘എന്തുകൊണ്ട് കഴിയില്ല? അദ്ദേഹം മൂന്ന് വര്‍ഷം കൂടി കളിച്ചാലും, ഈ നാഴികക്കല്ല് എത്താന്‍ വേണ്ടത് 16 സെഞ്ച്വറികളാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍, അടുത്ത പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് സെഞ്ച്വറികള്‍ കൂടി നേടിയാല്‍ അദ്ദേഹം 87ല്‍ എത്തും. അതിനാല്‍, 100 സെഞ്ച്വറികള്‍ നേടാനുള്ള അദ്ദേഹത്തിന്റെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അദ്ദേഹം സ്വയം ആസ്വദിച്ചാണ് ബാറ്റ് ചെയ്യുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ഡിസംബര്‍ ഒമ്പതിന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.