2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്‌ലിയും കളിക്കും: സുനില്‍ ഗവാസ്‌കര്‍
Sports News
2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്‌ലിയും കളിക്കും: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th October 2025, 7:10 pm

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം വിരാട് കോഹ്‌ലി പൂജ്യം റണ്‍സിന് മടങ്ങിയിരുന്നു. ഇതോടെ പലരും താരം വിരമിക്കലിന്റെ വക്കിലാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

രണ്ട് മത്സരങ്ങളില്‍ ഡക്കായാലും അടുത്ത മത്സരത്തില്‍ വിരാട് സ്‌കോര്‍ നേടുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല ഇത് വിരാടിന്റെ അവസാനമല്ലെന്നും വിരാടിന് ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല 2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്‌ലിയും കളിക്കുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

‘അദ്ദേഹം രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് ഇനിയും ധാരാളം ക്രിക്കറ്റ് ബാക്കിയുണ്ട്. സിഡ്നിയില്‍ അദ്ദേഹം റണ്‍സ് നേടാനുള്ള സാധ്യതയുണ്ട്. അഡ്‌ലെയ്ഡിലെ ആരാധകരില്‍ ഭൂരിഭാഗവും ഓസ്ട്രേലിയക്കാരായിരുന്നു, അവരെല്ലാവരും വിരാടിനുവേണ്ടി നിലകൊണ്ടു, ഇത് അദ്ദേഹത്തിന്റെ അവസാനമല്ല. വിരാട് എളുപ്പത്തില്‍ വിട്ടുകൊടുക്കില്ല, രണ്ട് ഡക്കുകള്‍ക്ക് ശേഷം അദ്ദേഹം വിരമിക്കില്ല.

അദ്ദേഹം മികച്ച പ്രകടനത്തോടെ വിരമിക്കും. സിഡ്നിയില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്, അതിനുശേഷം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഒരു ഹോം പരമ്പരയുണ്ട്. 2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്ലിയും കളിക്കുമെന്ന് ഞാന്‍ പറയും. അതില്‍ മറ്റൊന്നും ചിന്തിക്കേണ്ടതില്ല,’ ഗാവസ്ലര്‍ സ്പോര്‍ട്സ് ടാക്കിനോട് പറഞ്ഞു.

അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുന്നത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും വിരാട് സംപൂജ്യനായി മടങ്ങിയപ്പോള്‍ രോഹിത്ത് ആദ്യ മത്സരത്തില്‍ എട്ട് റണ്‍സും രണ്ടാ മത്സരത്തില്‍ 73 റണ്‍സും നേടിയിരുന്നു.

മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം നാളെ (ഒക്ടോബര്‍ 25) സിഡ്‌നിയിലാണ്. പരമ്പര പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ആശ്വാസ വിജയം തേടിയാണ് ഗില്ലും കൂട്ടരും കളത്തിലിറങ്ങുന്നത്.

Content highlight: Sunil Gavaskar Talking About Virat Kohli