ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ടൂര്‍ണമെന്റിനായുള്ള സ്‌ക്വാഡ് പുറത്ത് വിട്ടതോടെ പല വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.
രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
താരത്തിന് പകരം റിഷബ് പന്തിനെ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായും മാനേജ്‌മെന്റ് തെരഞ്ഞെടുത്തു. ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരനും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
‘ഇതൊരു കഠിനമായ തീരുമാനമാണ്, കാരണം കളിക്കാരന്‍ എണ്ണമറ്റ സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്യുന്നു, അവനെ പുറത്താക്കാന്‍ ഒരു കാരണവുമില്ല. എന്നിരുന്നാലും, ഒരു ഗെയിം മാറ്റാന്‍ സാധ്യതയുള്ളത് റിഷബ് പന്താണെന്ന് അവര്‍ കരുതി. സാംസനെപ്പോലെ പന്ത് ശക്തനായ ഒരു ബാറ്ററല്ലെങ്കിലും ഒരു ഇടംകൈയ്യന്‍ എന്ന നിലയിലും മികച്ച വിക്കറ്റ് കീപ്പിങ് കഴിവുകളും പന്തിന് അനുകൂലമായി പ്രവര്‍ത്തിച്ചേക്കാം.
ഒരു കളിയില്‍ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവ് പന്തിന് ഉണ്ട്, അതുകൊണ്ടായിരിക്കാം സാംസനെ ഒഴിവാക്കിയത്. എന്നിരുന്നാലും, സാംസണ്‍ നിരാശനാകരുത്. അദ്ദേഹം നേടിയ എല്ലാ കാര്യങ്ങളിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തീര്‍ച്ചയായും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
Content Highlight: Sunil Gavaskar Talking About Sanju Samson