ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പുറത്ത് വിട്ടിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. ഏകദിനത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മാത്രമല്ല വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും തിരിച്ചുവന്നിരുന്നു.
വിരാട് കോഹ്‌ലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. നിലവില്‍ ടി-20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ ഏകദിനത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. എന്നാല്‍ ക്യാപ്റ്റന്‍സിയിലെ മാറ്റമടക്കം കണക്കിലെടുക്കുമ്പോള്‍ രോഹിത്തിന്റെയും വിരാടിന്റെ ക്രിക്കറ്റ് കരിയറിന്റെ അവസാന ഘട്ടമാണോ എന്നും ചോദ്യമുയരുന്നുണ്ട്. ഇപ്പോള്‍ ഇരു താരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യ വരും വര്‍ഷങ്ങളില്‍ എത്ര ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നതിനെ ആശ്രയിച്ചാകും താരങ്ങളുടെ ഭാവിയെന്നും ലോകകപ്പ് പോലുള്ള വലിയ ഇവന്റിന് തയ്യാറെടുക്കുമ്പോള്‍ കുറച്ച് മത്സരങ്ങള്‍ കളിക്കുന്നത് പ്രശ്‌നമാണെന്നും ഗവാസ്‌കര്‍ ചൂണ്ടക്കാട്ടി. മാത്രമല്ല കരിയറിന്റെ അവസാനത്തോട് അടുക്കുന്ന കളിക്കാര്‍ക്ക് കൂടുതല്‍ ഫോം നിലനിര്‍ത്താന്‍ വിജയ് ഹസാരെ ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളില്‍ കളിക്കേണ്ടി വരുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ഇന്ത്യ വരും വര്‍ഷങ്ങളില്‍ എത്ര ഏകദിന മത്സരങ്ങള്‍ കളിക്കുമെന്നതിനെ ആശ്രയിച്ചാകും ഇരുവരുടേയും ഭാവി. സത്യം പറഞ്ഞാല്‍ ലോകകപ്പ് പോലുള്ള വലിയൊരു ഇവന്റിന് തയ്യാറെടുക്കുമ്പോള്‍ ഏഴോ എട്ടോ ഏകദിനങ്ങള്‍ മാത്രം കളിക്കുന്നത് പ്രശ്‌നമാകും. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന കളിക്കാര്‍ക്ക് കൂടുതല്‍ പരിചയമോ പരിശീലനമോ ലഭിക്കാറില്ല. വിജയ് ഹസാരെ ട്രോഫി ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ കളിക്കേണ്ടിവരും, അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഫോം നിലനിര്‍ത്താന്‍ മത്സര പരിശീലനവുമായി മുന്നോട്ട് പോകേണ്ടിവരും,’ ഗവാസ്‌കര്‍ പറഞ്ഞു.