ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്ററാണ് അവന്‍: സുനില്‍ ഗവാസ്‌കര്‍
Sports News
ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്ററാണ് അവന്‍: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th February 2025, 1:34 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 33 പന്തും നാല് വിക്കറ്റും ശേഷിക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു.

ബരാബതി സ്റ്റേഡിയത്തിലെ ഇന്ത്യയുടെ വിജയത്തേക്കാളേറെ നായകന്‍ രോഹിത് ശര്‍മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായ ഒറ്റയക്കങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ഏകദിനത്തിലെ 32ാം സെഞ്ച്വറി നേടിയാണ് രോഹിത് തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും അര്‍ധ സെഞ്ച്വറിക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഹിറ്റിങ്ങിലൂടെ മറുപടി നല്‍കുകയായിരുന്നു. 90 പന്ത് നേരിട്ട 119 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഏഴ് സിക്‌സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ തന്റെ 32ാം ഏകദിന സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചു.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഏകദിന ക്രിക്കറ്റിലെ അപകടകാരിയായ ഓപ്പണറാണ് രോഹിത് എന്നാണ് ഗവാസ്‌കര്‍ രോഹിത്തിനെ വിശേഷിപ്പിച്ചത്.

2025 ഫെബ്രുവരി 19ന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ രോഹിത് മുന്നില്‍ നില്‍ക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി മൂന്ന് തവണ നേടിയ താരമാണ് രോഹിത്തെന്നും മുന്‍ താരം പറഞ്ഞു.

‘ഏകദിന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്ററാണ് രോഹിത്, 2013ല്‍ ഇന്ത്യ നേടിയ ചാമ്പ്യന്‍സ് ട്രോഫി തിരിച്ചുപിടിക്കാന്‍ ഇറങ്ങുമ്പോള്‍ അതിന് രോഹിത് ഇല്ലാതെ പറ്റില്ല. ഈ ഏകദിന ഫോര്‍മാറ്റില്‍ അധികമാരും ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല, എന്നാല്‍ രോഹിത് അങ്ങനെ മൂന്ന് തവണ അത് ചെയ്തു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Sunil Gavaskar Talking About Rohit Sharma