ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ഇന്ത്യ ലോര്‍ഡ്‌സിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2 – 1ന് മുന്നിലെത്തി. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടാത്തതും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിക്കാത്തതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല ജഡേജ ബുംറയുമുള്ള കൂട്ടുകെട്ടില്‍ സിംഗിള്‍സിനുള്ള അവസരം മുതലെടുക്കണമായിരുന്നെന്നും എന്നാല്‍ താരത്തെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നും ചെയ്യാനുള്ളതെല്ലാം ജഡേജ ചെയ്‌തെന്നും മുന്‍ താരം പറഞ്ഞു.
‘ഇന്ത്യക്ക് മികച്ച ഒരു പാര്‍ടണര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 60 റണ്‍സിന്റെ കൂട്ടുകെട്ട് പോലും നേടാനായില്ല. അത് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കളി അവസാനിക്കുമായിരുന്നു. ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ല. അത് 22 റണ്‍സിന്റെ തോല്‍വിയില്‍ കലാശിച്ചു.
ജഡേജക്ക് കുറച്ചുകൂടി അവസരങ്ങള്‍ എടുക്കാമായിരുന്നു. ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം സിംഗിള്‍സ് നിരസിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷെ, ജഡേജയെ ഒരിക്കലും വിമര്‍ശിക്കാന്‍ കഴിയില്ല. കളി ജയിക്കാന്‍ വേണ്ടി ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്തു,’ സുനില്‍ ഗവാസ്‌കര്‍ സോണി സ്പോര്‍ട്സില്‍ പറഞ്ഞു.
ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിനാണ്. ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം മത്സരം നടക്കുക. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Sunil Gavaskar Talking About Ravindra Jadeja