ഇത് അവളുടെ അവസാനത്തെ ടൂര്‍ണമെന്റാകാം, സമ്മര്‍ദമുണ്ടാകും: സൂപ്പര്‍ താരത്തെക്കുറിച്ച് ഗവാസ്‌കര്‍
Sports News
ഇത് അവളുടെ അവസാനത്തെ ടൂര്‍ണമെന്റാകാം, സമ്മര്‍ദമുണ്ടാകും: സൂപ്പര്‍ താരത്തെക്കുറിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th October 2025, 9:11 am

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യ വിജയം സ്വന്തമാക്കി നാല് പോയിന്റാണ് ടൂര്‍ണമെന്റില്‍ നേടിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനേയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ വരും മത്സരങ്ങളിലും ഇന്ത്യ തങ്ങളുടെ ഡോമിനന്‍സ് തുടരുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലെ ബാറ്റിങ്ങിലും ഇന്ത്യന്‍ ക്യാപ്റ്റന് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ 19 പന്തില്‍ 21 റണ്‍സും പാകിസ്ഥാനെതിരെ 34 പന്തില്‍ 19 റണ്‍സുമാണ് ക്യാപ്റ്റന്‍ നേടിയത്.

ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഹര്‍മന്‍ ക്യാപ്റ്റനായതിനാല്‍ സമ്മര്‍ദമുണ്ടാകുമെന്നും ഇത് താരത്തിന്റെ അവസാന ടൂര്‍ണമെന്റാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല താരം ഇനിയും മുന്നോട്ട് പോകണമെന്നും ക്യാപ്റ്റന്‍ റണ്‍സ് നേടുന്നില്ലെങ്കിലോ മുന്നില്‍ നിന്ന് നയിക്കുന്നില്ലെങ്കിലോ അത് ടീമിനെ ദുര്‍ബലപ്പെടുത്തുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘സമ്മര്‍ദമുണ്ടാകും. ഒന്നാമതായി, അവള്‍ ക്യാപ്റ്റനാണ്. ഇത് അവളുടെ അഞ്ചാമത്തെ ലോകകപ്പാണ്, മാത്രമല്ല ഇത് അവളുടെ അവസാന ടൂര്‍ണമെന്റാകാം. അടുത്ത ഏകദിന ലോകകപ്പില്‍ ഹര്‍മന്‍ കളിക്കാന്‍ സാധ്യതയില്ല. നിങ്ങള്‍ ഇനിയും മുന്നോട്ട് പോകണമെന്ന് നിങ്ങള്‍ക്കറിയാം. ക്യാപ്റ്റന്‍ റണ്‍സ് നേടുന്നില്ലെങ്കിലോ മുന്നില്‍ നിന്ന് നയിക്കുന്നില്ലെങ്കിലോ അത് ടീമിനെ ദുര്‍ബലപ്പെടുത്തും. ക്യാപ്റ്റന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണം, അവര്‍ക്ക് തീര്‍ച്ചയായും സമ്മര്‍ദം അനുഭവപ്പെടും,’ ഗവാസ്‌കര്‍ പറഞ്ഞു.

ഏകദിന ക്രിക്കറ്റില്‍ 154 മത്സരങ്ങളില്‍ നിന്ന് 4189 റണ്‍സാണ് ഹര്‍മന്‍ നേടിയത്. 171* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 37.1 എന്ന ആവറേജിലാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. കൂടാതെ 76.4 എന്ന സ്‌ട്രൈക്ക് റേറ്റും ഹര്‍മന്‍ നേടി. ഫോര്‍മാറ്റില്‍ ഏഴ് സെഞ്ച്വറികളും 20 അര്‍ധസെഞ്ച്വറികളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടിലുള്ളത്.

Content Highlight: Sunil Gavaskar Talking About Harmanpreet Kaur