ഐ.പി.എല്ലില്‍ കുറച്ച് കാലയളവില്‍ മാത്രം കളിക്കുന്ന വിദേശ കളിക്കാരെ ലേലത്തില്‍ പരിഗണിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കളിക്കാര്‍ ഐ.പി.എല്ലിനോട് ആദരവ് കാണിക്കണമെന്നും ടൂര്‍ണമെന്റില്‍ മുഴുവനായും താരങ്ങള്‍ ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗാണ് ഐ.പി.എല്‍ എന്നും അതിനെ നിസാരമായി കാണുന്ന ആരെയും ഒട്ടും പരിഗണിക്കരുതെന്നും ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി. 2026 ഐ.പി.എല്ലിനോട് അനുബന്ധിച്ച് ഡിസംബര്‍ 16ന് ആരംഭിക്കുന്ന മിനി താര ലേലത്തിന് മുന്നോടിയായാണ് ഗവാസ്‌കറിന്റെ പരാമര്‍ശം.
‘കുറച്ച് കാലയളവിലേക്ക് മാത്രം കളിക്കുന്ന ചില കളിക്കാരുണ്ട്. സത്യം പറഞ്ഞാല്‍, ഒരു കളിക്കാരന്‍ ഐ.പി.എല്ലിനോട് ആദരവ് കാണിക്കുകയും ടൂര്‍ണമെന്റില്‍ ആദ്യാവസാനം വരെ സ്വയം ലഭ്യമാകുകയും ചെയ്യുന്നില്ലെങ്കില്‍, അയാള്‍ ലേലത്തില്‍ പോലും ഉണ്ടാകാന്‍ പാടുള്ളതല്ല.
ദേശീയ ടീമിനായി കളിക്കുന്നതല്ലാതെ താരങ്ങള്‍ക്ക് മറ്റെന്തെങ്കിലും പ്രധാനമാണെങ്കില്‍, ലേലത്തിന്റെ ഒരു നിമിഷം പോലും അവര്‍ക്ക് വേണ്ടി പാഴാക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച ടി-20 ലീഗാണ് ഐ.പി.എല്‍, അതിനെ നിസാരമായി കാണുന്ന ആരെയും ഒട്ടും പരിഗണിക്കരുത്,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19ാം സീസണിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2026 മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ടൂര്‍ണമെന്റ് നടക്കുക. പത്ത് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ 84 മത്സരങ്ങളാണ് അരങ്ങേറുക. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് നിലവിലെ നിലവിലെ ചാമ്പ്യന്മാര്‍.