റണ്‍സ് നേടുന്നുണ്ടോയെന്നല്ല, രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പിനുണ്ടാവാന്‍ അര്‍ഹര്‍: ഗവാസ്‌കര്‍
Sports News
റണ്‍സ് നേടുന്നുണ്ടോയെന്നല്ല, രോഹിത്തും കോഹ്‌ലിയും 2027 ലോകകപ്പിനുണ്ടാവാന്‍ അര്‍ഹര്‍: ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th October 2025, 2:21 pm

ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും 2027 ലോകകപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇരുവരും ലോകകപ്പില്‍ ഉണ്ടാവാന്‍ അര്‍ഹരാണെന്നും അവരെ യാന്ത്രികമായി തന്നെ ടീമിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയിൽ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

‘ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ തന്നെ രോഹിതും വിരാടും 2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ അവര്‍ എങ്ങനെ പ്രകടനം നടത്തിയാലും കഴിവും അനുഭവ പരിചയവും വെച്ച് അവര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്.

അതിനാല്‍ അവര്‍ യാന്ത്രികമായി തന്നെ തെരഞ്ഞെടുക്കപ്പെടും. രോഹിതും കോഹ്‌ലിയും ഫോം നിലനിര്‍ത്തുകയാണെങ്കില്‍ 2027ല്‍ സൗത്ത് ആഫ്രിക്കയിലെ ലോകകപ്പില്‍ അവര്‍ തീര്‍ച്ചയായും ഉണ്ടാകും,’ ഗവാസ്‌കര്‍ പറഞ്ഞു.

ഒക്ടോബര്‍ 26ന് അവസാനിച്ച ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിതും കോഹ്‌ലിയും മികച്ച പ്രകടനം നടത്തിയിരുന്നു. ഇവരുടെ കൂട്ടുകെട്ടിലാണ് ഇന്ത്യ പരമ്പരയിലെ ആശ്വാസ ജയം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഗവാസ്‌കറിന്റെ പ്രസ്താവന.

രോഹിത് പരമ്പരയില്‍ ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 202 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഒന്നാം മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു താരത്തിന്റെ ഫോമിലേക്ക് മടങ്ങിയെത്തിയത്.

രണ്ടാം മത്സരത്തില്‍ താരം 97 പന്തില്‍ 73 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സിഡ്നിയില്‍ നടന്ന അവസാന മത്സരത്തില്‍ രോഹിത് 125 പന്തില്‍ പുറത്താവാതെ 121 റണ്‍സെടുത്തിരുന്നു.

അതേസമയം, ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതിന് ശേഷമായിരുന്നു കോഹ്‌ലി അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയത്. താരം 81 പന്തില്‍ പുറത്താവാതെ 74 റണ്‍സ് നേടിയിരുന്നു. ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയ 168 കൂട്ടുകെട്ടിന്റെ കരുത്തിലാണ് ഇന്ത്യ മൂന്നാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കിയത്.

Content Highlight: Sunil Gavaskar says Rohit Sharma and Virat Kohli should be automatic picks for ICC ODI World Cup 2027