ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ അത് ചെയ്യണം; നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍
Sports News
ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ അത് ചെയ്യണം; നിര്‍ദേശവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 3:12 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.

എന്നാല്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ 500-550 റണ്‍സ് പിന്നിടണമെന്ന് നിര്‍ദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. എന്നാല്‍ 500ലധികം റണ്‍സ് നേടുമ്പോള്‍ എതിരാളികള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ്‌ക്യാപ്റ്റന്‍ റിഷബ് പന്തും മികച്ച നിലയില്‍ എത്തിച്ചെന്നും മുന്‍ താരം പറഞ്ഞു. ഓപ്പണര്‍മാരുടെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 500-550 റണ്‍സ് നേടണം. ഇംഗ്ലണ്ടിന് മികച്ച ബാറ്റര്‍മാരുണ്ട്. എന്നാല്‍ 500ലധികം റണ്‍സ് നേടുമ്പോള്‍ എതിരാളികള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടും. ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ടീമിനെ ശക്തമായ നിലയിലെത്തിച്ചു. ഒരു ദിവസം 359 റണ്‍സ് എന്നത് മോശം സ്‌കോറല്ല, മുന്‍കാലങ്ങളില്‍ പല ഇന്ത്യന്‍ ടീമുകള്‍ക്കും അത് നേടാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി, ലീഡ്‌സില്‍ മറ്റുള്ളവര്‍ അത് മുതലെടുത്തു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം. അതേസമയം 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് താരം മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ പൂജ്യം റണ്‍സിന് പുറത്തായത് ആരാധകരെ ഏറെ നിരാശയിലാക്കി.

Content Highlight: Sunil Gavaskar Gives Important Advice For Indian Cricket Team