പതിനൊന്ന് വര്‍ഷത്തെ തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് കൊണ്ടാണ് താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ വെള്ള കുപ്പായമഴിച്ചുവെച്ചത്.
ഐ.പി.എല്ലിനിടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വളരെ അപ്രതീക്ഷിതമായാണ് രോഹിത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് പല താരങ്ങളും പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ രോഹിത് ശര്‍മയേക്കുറിച്ചും വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെക്കുറിച്ചും താരത്യപ്പെടുത്തി സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. താന്‍ കണ്ട ക്രിക്കറ്റില്‍ രോഹിത് ശര്‍മയേപ്പോലെ പുള്‍ഷോട്ട് കളിക്കുന്നത് വിവ് റിച്ചാര്‍സാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. റിച്ചാര്‍ഡ്സും ശര്‍മയും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിച്ചെങ്കിലും മികവുള്ളത് രോഹിത്തിന്റെ പുള്‍ ഷോട്ടായിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘എനിക്ക് കാണാനുള്ള ഭാഗ്യം ലഭിച്ച എല്ലാ ക്രിക്കറ്റുകളിലും വിവ് റിച്ചാര്‍ഡ്സ് മാത്രമാണ് ശര്‍മയെപ്പോലെ ഗംഭീരമായി പുള്‍ ഷോട്ട് കളിച്ചത്. വിവ് ബൗണ്‍സുള്ള പന്തുകള്‍ കൂടുതലും സ്‌ക്വയര്‍ ലെഗ്ഗില്‍ നിന്ന് വൈഡ് മിഡ്-ഓണിലേക്കാണ് കളിക്കാറുള്ളത്. അതേസമയം ശര്‍മ അതിനടിയില്‍ കയറി മിഡ്വിക്കറ്റില്‍ നിന്ന് ഡീപ് ഫൈന്‍-ലെഗിലേക്ക് അടിച്ച് സിക്സറുകള്‍ നേടും.
ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും വേഗതയേറിയ പന്ത് കാണികള്‍ക്കിടയിലൂടെ അപ്രത്യക്ഷമാകുന്നത് അങ്ങേയറ്റം നിരാശാജനകമാണ്. റിച്ചാര്‍ഡ്സും ശര്‍മയും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിച്ചെങ്കിലും, മികവുള്ള ഒരു മുദ്ര പതിപ്പിച്ചത് രോഹിത്തിന്റെ പുള്‍ ഷോട്ടായിരുന്നു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ടെസ്റ്റില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രോഹിത് നേടിയിട്ടുണ്ട്. 88 സിക്സറുകളും 473 ഫോറും ഫോര്‍മാറ്റില്‍ രോഹിത് അടിച്ചെടുത്തു. മാത്രമല്ല 24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് 12 വിജയവും 9 തോല്‍വിയുമാണ് ഫോര്‍മാറ്റില്‍ ഏറ്റുവാങ്ങിയത്.
നേരത്തെ 2024 ടി-20 ലോകകപ്പില്‍ കിരീടം ചൂടിയതോടെ ഫോര്‍മാറ്റില്‍ നിന്ന് രോഹിത് പടിയിറങ്ങിയിരുന്നു. അന്ന് തന്നോടൊപ്പം സൂപ്പര്‍താരം വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Sunil Gavaskar Compare Rohit Sharma And Viv Richards